ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം കഴിക്കാനെതിര്‍ത്ത മാതാപിതാക്കളെ മകന്‍ ശ്വാസം മുട്ടിച്ച് കൊന്നു

May 23, 2018 0 By Editor

ന്യൂഡല്‍ഹി: ഫേസ്ബുക്ക് സുഹൃത്തായ കാണ്‍പൂര്‍ സ്വദേശിനിയെ വിവാഹം കഴിക്കാന്‍ വേണ്ടി മകന്‍ മാതാപിതാക്കളെ കൊന്നു. ഡല്‍ഹിയിലെ ജാമിയ നഗര്‍ സ്വദേശി അബ്ദുല്‍ റഹ്മാന്‍(26)ആണ് മാതാപിതാക്കളെ ശ്വാസം മുട്ടിച്ച് കൊന്നത്. തസ്ലിം ബാനോ(50), ഷമിം അഹമദ്(55) എന്നിവരാണ് മരിച്ചത്.

മാതാപിതാക്കളുടെ ഏക മകനാണ് അബ്ദുല്‍ റഹ്മാന്‍. കാണ്‍പൂരില്‍ വെച്ച് പരിചയപ്പെട്ട് പ്രണയത്തിലായ യുവതിയെ വിവാഹം കഴിക്കാന്‍ ഇയാള്‍ താത്പര്യപ്പെട്ടിരുന്നു. ഫേസ്ബുക്ക് വഴി പ്രണയം തുടരുകയും ചെയ്തു. എന്നാല്‍ ഈ വിവാഹത്തിന് മാതാപിതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സ്വത്തുക്കള്‍ കൈവശപ്പെടുത്തുകയും ഇയാളുടെ ലക്ഷ്യമായിരുന്നുവെന്ന് പൊലീസ് പറയുന്നു.

അബ്ദുല്‍ റഹ്മാെന്റ ആദ്യ വിവാഹം വിവാഹ മോചനത്തില്‍ കലാശിക്കുകയായിരുന്നു. ഇതിനു ശേഷമാണ് കാണ്‍പൂര്‍ സ്വദേശിനിയെ പരിചയപ്പെടുന്നത്. എന്നാല്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഇയാള്‍ മറ്റൊരു യുവതിയെ വിവാഹം കഴിച്ചുവെങ്കിലും തെന്റ വിവാഹേതര ബന്ധം തുടര്‍ന്നു. ഫേസ്ബുക്ക് സുഹൃത്തിനെ ഇയാള്‍ പതിവായി സന്ദര്‍ശിക്കുകയും വിവാഹം കഴിച്ചുകൊള്ളാമെന്ന് വാക്കു നല്‍കുകയും ചെയ്തിരുന്നുവെന്നും പൊലീസ് പറഞ്ഞു. നദീം ഖാന്‍, ഗുഡ്ഡു എന്നീ രണ്ട് പരിചയക്കാരുടെ സഹായത്തോടെയാണ് ഇയാള്‍ കൃത്യം നിര്‍വഹിച്ചത്. രണ്ടര ലക്ഷം രൂപയാണ് അവര്‍ക്ക് വാഗ്ദാനം ചെയ്തത്. നദീമും ഗുഡ്ഡുവും മാതാപിതാക്കളെ പിടിച്ചു വെക്കുകയും അബ്ദുല്‍ റഹ്മാന്‍ ഇരുവരേയും ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഏപ്രില്‍ 28നാണ് ഇരുവരുടേയും മൃതദേഹം വീടിെന്റ ഒന്നാം നിലയില്‍നിന്ന് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരേയും പൊലീസ് അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യലില്‍ അബ്ദുല്‍ റഹ്മാന്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.