സിദ്ധനുമായി അവിഹിത ബന്ധമുണ്ടെന്ന വ്യാജപ്രചരണം: കരിപ്പൂരില്‍ വീട്ടമ്മയും പെണ്‍മക്കളും വീട് വിട്ടു പോയതിനു പിന്നിലെ സത്യം ഇതാണ്

മലപ്പുറം: സിദ്ധനുമായി തനിക്ക് അവിഹിത ബന്ധമുണ്ടെന്ന് പ്രചരിപ്പിച്ചതില്‍ മനംനൊന്താണ് താന്‍ വീട് വിട്ടിറങ്ങിയതെന്ന് കരിപ്പൂരില്‍ നിന്നും പെണ്‍മക്കളോടൊപ്പം കാണാതായ വീട്ടമ്മ. മൂന്നാഴ്ചകള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് സൗദാബിയും മക്കളും തിരികെയെത്തിയത്. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് സൗദാബി ഇക്കാര്യം പറഞ്ഞത്. സൗദാബിയെയും മക്കളെയും കാണാതായതിന് പിന്നില്‍ കൊണ്ടോട്ടി പുളിയംപറമ്പിലെ സിദ്ധനുമായി ബന്ധമുണ്ടെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

സൗദാബിക്ക് അസുഖം വന്നപ്പോള്‍ വീട്ടിലെത്തി ചികിത്സിച്ചിരുന്നതും വെള്ളം മന്ത്രിച്ചു നല്‍കിയതുമെല്ലാം സിദ്ധനായിരുന്നു. തുടര്‍ന്ന് പല തവണ സിദ്ധന്‍ യുവതിയുടെ വീട്ടില്‍ വന്നിരുന്നു. സിദ്ധനെ കാണാനായി യുവതി ചികിത്സാ കേന്ദ്രത്തിലേക്കും പോയിരുന്നു.

തുടര്‍ന്ന് സിദ്ധനും സൗദാബിയും തമ്മിലുള്ള ഈ ബന്ധം ചില ബന്ധുക്കള്‍ സംസാര വിഷയമാക്കുകയും ഇതിനെ ചൊല്ലി പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്തിരുന്നു. ശേഷം സിദ്ധന്‍ സൗദാബിയുടെ വീട്ടിലേക്കുള്ള വരവ് നിര്‍ത്തി. എന്നാല്‍ ഇവര്‍ തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന രീതിയില്‍ സംസാരം പരന്നു. ഈ സാഹചര്യത്തില്‍ താന്‍ മനസിന് സമാധാനം കിട്ടുന്നതിനു വേണ്ടി തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇറങ്ങുകയായിരുന്നെന്ന് സൗദാബി പോലീസിനോടു പറഞ്ഞു.

അതേസമയം, സൗദാബിയും കുട്ടികളും സിദ്ധന്റെ അടുപ്പക്കാരനായ മറ്റൊരാളുടെ ബീമാപള്ളിക്കു സമീപത്തെ ഫഌറ്റിലായിരുന്നു താമസിച്ചതെന്ന് കരിപ്പൂര്‍ എസ്‌ഐ കെബി ഹരികൃഷ്ണന്‍ പറഞ്ഞു. നിലമ്പൂര്‍ സ്വദേശിയായ ഇയാള്‍ തിരുവനന്തപുരം ബീമാപള്ളിയിലെ വീട്ടിലാണ് താമസം. ഇവിടെ ഐടി സ്ഥാപനത്തില്‍ ജോലിചെയ്യുകയാണിയാള്‍. സൗദാബി മുമ്പും ബീമാപള്ളിയില്‍ വന്നപ്പോള്‍ താമസിച്ചിരുന്നത് ഇയാളുടെ ഫഌറ്റിലായിരുന്നു. ഈ വ്യക്തിക്ക് കൊണ്ടോട്ടി പുളിയംപറമ്പിലെ സിദ്ധനുമായി അടുത്ത ബന്ധമാണുള്ളതെന്ന് പോലീസ് കണ്ടെത്തി.

‘എനിക്ക് മനസമാധാനം വേണം, മനസമാധാനം ലഭിക്കുന്നതിനായി ഞാന്‍ ഖാജയുടെ ഹള്‌റത്തിലേക്ക് പോകുന്നു’. പടച്ചവനും റസൂലൂം ഖാജായും എന്നെ കൈവിടില്ല..’ എന്നായിരുന്നു കത്തില്‍ എഴുതിയിരിക്കുന്നത്. ഇത് പ്രകാരം പെണ്‍കുട്ടികളുമായി വീട്ടമ്മ അജ്മീറിലോ മറ്റോ തീര്‍ത്ഥാടനത്തിന് പോയി എന്ന വിലയിരുത്തലുമുണ്ടായി. ഇതോടെ എസ്‌ഐ ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ കരിപ്പൂര്‍ പോലീസ് അജ്മീറില്‍ എത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. അവിടെ സിസിടിവി അടക്കം പരിശോധിച്ചിരുന്നു.

ഒടുവില്‍ സൗദാബിയുടെ പരിചയക്കാരുടെയും മുമ്പ് താമസിച്ചവരുടെയും വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു. ഇക്കൂട്ടത്തില്‍ ബീമാപള്ളിയില്‍ താമസിക്കുന്ന നിലമ്പൂര്‍ സ്വദേശിയുടെ വിവരവുമുണ്ടായിരുന്നു. ഇയാള്‍ അന്വേഷണത്തിന് സഹകരിക്കാതായതോടെ പോലീസിന് സംശയം തോന്നി. ഈ സാഹചര്യത്തില്‍ ഇയാളുടെ നിലമ്പൂരിലുള്ള വീട്ടിലും ബീമാപള്ളിയിലുള്ള വീട്ടിലും പോലീസ് റെയ്ഡ് നടത്തി. റെയ്ഡ് വീണ്ടും ആവര്‍ത്തിച്ചതോടെ പുലിവാലാകുമെന്നായതോടെ ഇയാള്‍ ഫഌറ്റില്‍ താമസിച്ചിരുന്ന സൗദാബിയേയും മൂന്ന് കുട്ടികളേയും തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് ട്രെയിനില്‍ കയറ്റി വിടുകയായിരുന്നു.

കോഴിക്കോട്ടെത്തിയ സൗദാബിയും മക്കളും സ്‌നേഹിതയിലെത്തി അഭയം തേടുകയായിരുന്നു ഇവര്‍ക്കായി അന്വേഷണം നടക്കുന്നത് മനസ്സിലാക്കിയ സ്‌നേഹിത പ്രവര്‍ത്തകര്‍ നടക്കാവ് പോലീസില്‍ അറിയിച്ചു. നടക്കാവിലെത്തി കരിപ്പൂര്‍ പൊലീസ് നാലുപേരെയും നാട്ടിലേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവതി ഇക്കാര്യങ്ങള്‍ സമ്മതിച്ചത്.

സൗദാബിയെയും മൂന്ന് പെണ്‍കുട്ടികളെയും കോടതിയില്‍ ഹാജരാക്കി. കോടതി തീരുമാനം ആരാഞ്ഞപ്പോള്‍ ഭര്‍ത്താവിനൊപ്പം പോകാനാണ് താല്‍പര്യമെന്ന് അറിയിച്ചു. ഭര്‍ത്താവ് സ്വീകരിക്കാനും തയ്യാറായിരുന്നു. അതേസമയം സിദ്ധനെയും ഒളിവില്‍ പാര്‍പ്പിച്ചയാളെയും കേന്ദ്രീകരിച്ച് അന്വേഷണം തുടരുമെന്ന് എസ്‌ഐ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *