കട്ടാന ശല്യം: ജീവനു വേണ്ടിയുള്ള വീട്ടമ്മമാരുടെ നിരാഹാര സമരം ശക്തമായ പത്താം ദിവസത്തിലേക്ക്

May 30, 2018 0 By Editor

സുല്‍ത്താന്‍ ബത്തേരി: കനത്ത മഴയത്തും വീട്ടമ്മമാരുടെ നിരാഹാര സമരം തുടരുന്നു. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫീസിന് മുമ്പില്‍ റോഡ് വക്കില്‍ പന്തല്‍ കെട്ടി രാപകല്‍ നടത്തുന്ന സമരം പത്താം ദിവസത്തിലേക്ക് കടന്നു.

ജീവനും സ്വത്തിനും വന്യമൃഗങ്ങളില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് നടത്തുന്ന സമരത്തിന് ജനപിന്തുണയേറുകയാണ്. ഇന്നലെയുണ്ടായ കാറ്റിലും മഴയിലും വിട്ടമ്മമാരുടെ സമരവീര്യം ചോര്‍ന്നില്ല. ജനങ്ങള്‍ക്കും കൃഷിയിടങ്ങള്‍ക്കും ഭീഷണിയായ കോളര്‍ ഘടിപ്പിച്ച കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാനുള്ള ശ്രമം അധികതരുടെ ഭാഗത്തുനിന്നുണ്ടാകുന്നതുവരെ സമരം തുടരും. സമരം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കം അധികൃതരില്‍ നിന്നില്ലാത്തതില്‍ പ്രതിഷേധം ശക്തമായി. കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാമെന്നുള്ള ഉറപ്പ് പാലിക്കാത്ത അധികൃതരുടെ നിലപാടിനെതിരേ ജനരോഷം ഇരമ്പുന്നു.

വടക്കനാട് ഗ്രാമ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് വീട്ടമ്മമാര്‍ നിരാഹാര സമരം തുടരുന്നത്. അതിനിടെ കൊമ്പനെ വനത്തിലേക്ക് തുരത്താനുള്ള വനം വകുപ്പിന്റെ നീക്കം തുടരുന്നുണ്ട്. കൊമ്പന്‍ വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ്. പലവട്ടം തുരത്തിയ കൊമ്പന്‍ കൃഷിയിടങ്ങളിലേക്ക് തിരിച്ചുവരുന്നത് ജനങ്ങളില്‍ ഭീതിയുളവാക്കുകയാണ്.

മയക്കുവെടി വച്ച് പിടികൂടി നീക്കം ചെയ്യാനുള്ള ശ്രമം വനം വകുപ്പിന്റെ ഭാഗത്തുനിന്നില്ലാത്തതാണ് ജനങ്ങളില്‍ സംശയമുളവാക്കുന്നത്. എന്തുതന്നെയായാലും വിജയം വരെ സമരം തുടരാനാണ് വടക്കനാട് ഗ്രാമ സംരക്ഷണ സമിതിയുടെ തീരുമാനം. ഇന്നലേയും സമരത്തിന് പിന്തുണയുമായി നിരവധി പേര്‍ എത്തി.

വടക്കനാട് സെന്റ് ജോസഫ്‌സ് ഇടവക ജനങ്ങള്‍ പ്രകടനമായെത്തി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. തുടര്‍ന്ന് സമരം നടത്തുന്ന വീട്ടമ്മമാരോട് ചേര്‍ന്ന് ഏകദിന ഉപവാസം അനുഷ്ടിച്ചു. ശ്രേയസ് സോഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ട്രെയ്‌നി വിദ്യാര്‍ഥികള്‍ളും സമരപ്പന്തലിലെത്തി.