ബെഹ്‌റയെ ഇനിയും സംരക്ഷിക്കുന്നത് അപകടമാണ്: ഡിജിപിക്കെതിരെ സിപിഎം

തിരുവനന്തപുരം: തുടര്‍ച്ചയായ വീഴ്ചകളെത്തുടര്‍ന്ന് പഴികേള്‍ക്കുന്നതിനാല്‍ പോലീസ് തലപ്പത്ത് അഴിച്ചുപണിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്ത് നിന്നും ലോക്‌നാഥ് ബെഹ്‌റയെ മാറ്റണമെന്ന് മുഖ്യമന്ത്രിയോട് സിപിഎം നേതൃത്വം ആവശ്യപ്പെട്ടുവെന്നും സൂചനയുണ്ട്. ഈ ആവശ്യം സിപിഐ ഉള്‍പ്പടെയുള്ള ഘടകകക്ഷികളും മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. പോലീസിന്റെ പ്രവര്‍ത്തനം വലിയ വിമര്‍ശനത്തിന് ഇടയായ സാഹചര്യത്തില്‍ ബെഹ്‌റയെ ഇനിയും സംരക്ഷിക്കുന്നത് അപകടമാണെന്ന വ്യക്തമായ സൂചന തന്നെ സിപിഎം നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.

പോലീസ് കുത്തഴിഞ്ഞ അവസ്ഥയിലായ സ്ഥിതിയില്‍ ഇനിയും തല്‍സ്ഥിതി തുടര്‍ന്നാല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് ഇപ്പോഴുണ്ടാക്കിയിരിക്കുന്ന തകരാര്‍ വര്‍ധിപ്പിക്കുകയുള്ളുവെന്ന വാദം പിണറായിക്ക് മുന്നില്‍ ശക്തമായി നില്‍ക്കുകയാണ്. തത്കാലം ബെഹ്‌റയെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിക്കൊണ്ടുള്ള തീരുമാനം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന കൃത്യമായ വിവരം. ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേയ്ക്ക് മാറ്റുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്.

നിലവിലെ വിജിലന്‍സ് ഡയറക്ടര്‍ എന്‍.സി.അസ്താന ബിഎസ്എഫ് ഡയറക്ടര്‍ സ്ഥാനം ഏറ്റെടുത്ത് കേന്ദ്രത്തിലേക്ക് പോയ സാഹചര്യത്തില്‍ വിജിലന്‍സിന് നാഥനില്ലാത്ത അവസ്ഥയാണ്. ഈ ഒഴിവിലേയ്ക്ക് പകരം നിയമനം നടത്തേണ്ട സാഹചര്യം കൂടി പരിഗണിച്ചായിരിക്കും സ്ഥലമാറ്റം. ഡിജിപിമാരായ എ.ഹേമചന്ദ്രന്‍, ഋഷിരാജ് സിംഗ് എന്നിവരെയാണ് ബെഹ്‌റയുടെ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

ഇന്റലിജന്‍സ് മേധാവിയെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ഹേമചന്ദ്രനോടാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് താത്പര്യം. വ്യാഴാഴ്ച വൈകിട്ട് ആഭ്യന്തരവകുപ്പിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്.

ഡിജിപിയെ മാറ്റണമെന്ന ആവശ്യം മന്ത്രിമാരില്‍ ചിലരും ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ ഉന്നയിച്ചു. ഈ നില തുടര്‍ന്നാല്‍ സര്‍ക്കാരും പാര്‍ട്ടിയും ജനങ്ങള്‍ക്കു മുന്നില്‍ ഒറ്റപ്പെടുമെന്ന ശക്തമായ വാദം തന്നെ മന്ത്രിമാര്‍ ഉന്നയിച്ചത്. രണ്ടുവര്‍ഷം പിന്നിടുന്ന പിണറായി സര്‍ക്കാരിന് പോലീസിന്റെ പ്രവര്‍ത്തനം വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *