കേരളത്തിലും മഹാരാഷ്ട്രയിലും കൊറോണ വ്യാപനം വർദ്ധിക്കുന്നു; അലംഭാവം കാട്ടരുത് ”  ആശങ്ക അറിയിച്ച് പ്രധാനമന്ത്രി

കേരളത്തിലും മഹാരാഷ്ട്രയിലും കൊറോണ വ്യാപനം വർദ്ധിക്കുന്നു; അലംഭാവം കാട്ടരുത് ” ആശങ്ക അറിയിച്ച് പ്രധാനമന്ത്രി

July 9, 2021 0 By Editor

ന്യൂഡൽഹി : രാജ്യത്ത് കൊറോണ വ്യാപനം വർദ്ധിച്ചുവരുന്നതിൽ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ അശ്രദ്ധയാണ് വ്യാപനം കുറയാത്തതിന്റെ പ്രധാന കാരണം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളം മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ കൊറോണ വ്യാപനത്തിന്റെ തോത് കുറയാത്തതിലും പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തി. പുനഃസംഘടനയ്ക്ക് ശേഷം നടന്ന ആദ്യ കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.രാജ്യം കൊറോണ മഹാമാരിയെ നേരിടുന്ന ഈ സമയത്ത് ചെറിയ വീഴ്ചകൾ പോലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. കൊറോണയെ അതിജീവിക്കാനുള്ള പോരാട്ടത്തെ അത് ദുർബലമാക്കുകയും ചെയ്യും. സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യരുതെന്നും ജനങ്ങൾ ജാഗ്രതയോടെ കൊറോണയെ നേരിടണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

കൊറോണ ഭീഷണി ഇതുവരെ അവസാനിച്ചിട്ടില്ല. മറ്റ് പല രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ വീണ്ടും വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ജനങ്ങൾ പുറത്തിറങ്ങി സ്വാഭാവിക ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും ജാഗ്രത തുടരണം. ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ വ്യാപനം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഭയം വളർത്തുകയല്ല, മറിച്ച് സാധ്യമായ എല്ലാ മുൻകരുതലുകളും തുടരാൻ ജനങ്ങളോട് അഭ്യർത്ഥിക്കുകയാണ് വേണ്ടതെന്ന് പുതിയ കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി നിർദ്ദേശിച്ചു. കൊറോണ മഹാമാരിയെ ഒന്നിച്ച് നേരിടാൻ രാജ്യത്തിന് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.