18 കോടിയുടെ മരുന്നിന് കാത്തുനില്‍ക്കാതെ ഇമ്രാന്‍ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി

18 കോടിയുടെ മരുന്നിന് കാത്തുനില്‍ക്കാതെ ഇമ്രാന്‍ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി

July 21, 2021 0 By Editor

അപൂര്‍വ രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്‌എംഎ) ബാധിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇമ്രാന്‍ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി. അങ്ങാടിപ്പുറം വലമ്ബൂര്‍ ഏറാന്തോട് ആരിഫിന്റെ മകനായ ആറുമാസം പ്രായമായ ഇമ്രാന്‍ മുഹ്മദ് ചൊവ്വാഴ്ച അര്‍ധരാത്രിയാണ് മരിച്ചത്. നാലു മാസമായി കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു കേന്ദ്രത്തിലെ വെന്റിലേറ്ററില്‍ ആയിരുന്നു ഇമ്രാന്‍.

18 കോടി രൂപ ചെലവ് വരുന്ന സോള്‍ഗെന്‍ എസ്മയെന്ന മരുന്നിനായി ലോകം കൈകോര്‍ത്തപ്പോള്‍ ചൊവ്വാഴ്ച രാത്രി വരെ 16.5 കോടിയോളം രൂപ ലഭിച്ചിരുന്നു. പ്രസവിച്ച്‌ 17 ദിവസം കഴിഞ്ഞപ്പോള്‍ തുടങ്ങിയതാണ് ഇമ്രാന്റെ ചികിത്സ. ഇമ്രാനെ രക്ഷിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു പിതാവ് ആരിഫ്.

ഇമ്രാന്റെ ചികിത്സക്കായുള്ള 18 കോടി രൂപ സ്വന്തം നിലയില്‍ കണ്ടെത്താനാവാതെ വന്നപ്പോള്‍ സഹായം തേടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.

നേരത്തെ സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫിയെന്ന ജനിതക വൈകല്യത്തിന് മരുന്ന് വാങ്ങാന്‍ വേണ്ടി സഹായം തേടിയ കണ്ണൂര്‍ പഴയങ്ങാടിയിലെ ഒന്നര വയസുകാരന്‍ മുഹ് മദിനായി കൈകോര്‍ത്തിരുന്നു ലോകം. ലോകത്തിന്റെ നാനാകോണിലുള്ള മലയാളികളാണു ജാതി, മത, ഭേദമില്ലാതെ ഈ നന്മയ്ക്കായി ഒരുമിച്ചത്. മുഹ്മദിന്റെ ചികിത്സയ്ക്കായി ഏഴ് ദിവസം കൊണ്ട് 18 കോടി രൂപ ലഭിച്ചിരുന്നു.