ട്രാന്‍സ്‌ജെന്‍ഡർ അനന്യയുടെ മരണം: അടിയന്തര അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി

ട്രാന്‍സ്‌ജെന്‍ഡർ അനന്യയുടെ മരണം: അടിയന്തര അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി

July 21, 2021 0 By Editor

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യ കുമാരി അലക്‌സിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര അന്വേഷണത്തിന് നിർദ്ദേശം. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് നിര്‍ദേശം നല്‍കിയത്. ഇതുസംബന്ധിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനയും പരാതി നല്‍കിയിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളെപ്പറ്റി പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ഇന്നലെ വൈകിട്ടാണ് ട്രാൻസ്ജെൻ്റർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിനെ കൊച്ചി ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫ്ലാറ്റിലെ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു. ശസ്ത്രക്രിയയെ തുടർന്നുണ്ടായ ശാരീരിക പ്രശ്നങ്ങൾ ആണ് ആത്മഹത്യ കാരണമെന്നാണ് പ്രാഥമിക നിഗമനം. അനന്യയുടെ സുഹൃത്തുക്കളിൽ നിന്നടക്കം പോലിസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ പേരിൽ നിന്നും ഇന്ന് വിവരങ്ങൾ തേടും. അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ച ആദ്യ വ്യക്തിയായിരുന്നു അനന്യ. വേങ്ങരയിൽ പ്രചരണ രംഗത്ത് ഉണ്ടായിരുന്നെങ്കിലും പിന്നീട് പിൻമായി. ആദ്യ ട്രാൻസ്ജെൻഡർ വനിതാ റേഡിയോ ജോക്കി കൂടിയാണ് അനന്യ.