ഒരാഴ്ച്ച മുമ്പ് കാണാതായ വയോധികനെ ജീവനോടെ കിണറ്റില്‍ നിന്ന് കണ്ടെത്തി

June 2, 2018 0 By Editor

പഴഞ്ഞി: ഒരാഴ്ചമുമ്പ് കാണാതായ വയോധികനെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ കണ്ടെത്തി. മൂന്നടി താഴ്ചയില്‍ വെള്ളമുള്ള കിണറ്റിലെ അങ്കില്‍ പിടിച്ചുകിടന്ന ചിറയ്ക്കല്‍ പെരുമ്പിള്ളിനഗര്‍ ചാണശ്ശേരി വീട്ടില്‍ മണി(68)യെ അഗ്‌നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. എന്നാണ് കിണറ്റില്‍ വീണതെന്ന് വ്യക്തമല്ല.

വീട്ടില്‍നിന്ന് അഞ്ച് കിലോമീറ്ററോളം ദൂരെയുള്ള തെങ്ങിന്‍പറമ്പിലെ കിണറ്റിലാണ് മണിയെ കണ്ടത്. തേങ്ങയിടാനെത്തിയ അനീഷാണ് കിണറ്റില്‍ മണിയെ കണ്ടത്. വാര്‍ഡ് അംഗം എം.എസ്. മണികണ്ഠന്‍ അഗ്‌നിശമനസേനയെ വിവരമറിയിച്ചു. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കിണറ്റിലിറങ്ങി വലയില്‍ മണിയെ കരയ്ക്കു കയറ്റി. ഭക്ഷണം കഴിക്കാതെ അവശനായ മണിയെ പൊതുപ്രവര്‍ത്തകന്‍ സാബു ഐന്നൂര്‍, ടി.സി. പ്രമോദ് എന്നിവര്‍ കുളിപ്പിച്ച് വെള്ളം നല്‍കി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒരുമാസംമുമ്പ് ഭാര്യ പുഷ്പ മരിച്ചതോടെ ഒറ്റപ്പെട്ട മണി മാനസികവിഭ്രാന്തിയിലായതായി നാട്ടുകാര്‍ പറഞ്ഞു. രണ്ട് പെണ്‍കുട്ടികളുടെ വിവാഹം കഴിഞ്ഞതോടെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു മണി. പപ്പടനിര്‍മാണത്തൊഴിലാളിയായിരുന്നു. ആറ് ദിവസമായി മണിയെ തിരിഞ്ഞ് നാട്ടുകാര്‍ നടന്നിരുന്നു. കിണറ്റില്‍ വീണതെങ്ങനെയെന്ന് മണിക്കറിയില്ല. പറമ്പിലേക്ക് വെള്ളമെടുക്കുന്ന കിണറിന്റെ ഭിത്തികള്‍ ഇടിഞ്ഞിരുന്നു. കിണറിന് ആള്‍മറയില്ലാത്തതിനാല്‍ അബദ്ധത്തില്‍ വീണതാകാമെന്ന് സംശയിക്കുന്നു. താലൂക്ക് ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കിയ മണിയെ മക്കള്‍ കൂട്ടിക്കൊണ്ടുപോയി.