വര്‍ഷങ്ങളായി അടഞ്ഞു കിടക്കുന്ന വീടിനുള്ളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

തൃശൂര്‍: തളിക്കുളത്ത് ദേശീയപാതയ്ക്ക് സമീപം വര്‍ഷങ്ങളായി ആള്‍താമസമില്ലാത്ത വീട്ടില്‍ പതിനേഴുകാരന്റെതെന്നു കരുതുന്ന മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. ഗവ. വി.എച്ച്.എസ്. സ്‌കൂളിനടുത്താണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച് തലയും ശരീരവും വേര്‍പ്പെട്ട് കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്.കഴിഞ്ഞ മാര്‍ച്ച് 18 ന് കാണാതായ ചേറ്റുവ സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥി അമല്‍ കൃഷ്ണ (17) യുടെ മൃതദേഹമാണെന്ന് സൂചന. ചാണാശേരി സനോജിന്റെ മകനാണ് അമല്‍കൃഷ്ണ.അമ്മ: ശില്പ. സഹോദരന്‍: അഭിഷേക്.

സമീപത്തു നിന്ന് കുട്ടിയുടെ ബാങ്ക് പാസ് ബുക്കും പാന്‍റിന്‍റെ പോക്കറ്റില്‍ നിന്ന് മൊബൈല്‍ ഫോണും കണ്ടെത്തി. വീടിന്‍റെ ചുവരില്‍ സോറി അച്ഛാ, സോറി അമ്മേ എന്നും ഫോണ്‍ നമ്പറും എഴുതിയിട്ടുണ്ട്.
അമ്മ ശില്പ ഉള്‍പ്പെടെയുള്ള ബന്ധുക്കളെത്തി വസ്ത്രങ്ങള്‍ പരിശോധിച്ചാണ് അമല്‍ കൃഷ്ണയുടെ മൃതദേഹമാണെന്ന സംശയം ബലപ്പെട്ടത്. എന്നാല്‍ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ വ്യക്തത വരൂ. അമ്മയോടൊപ്പം വാടാനപ്പള്ളിയിലെ ബാങ്കില്‍ പണമെടുക്കാന്‍ പോയതായിരുന്നു അമല്‍ കൃഷ്ണ. അമ്മ ബാങ്കില്‍ കയറിയപ്പോള്‍ കുട്ടി പുറത്തുനിന്നു. ബാങ്കില്‍ നിന്ന് പുറത്തുവന്ന അമ്മക്ക് കുട്ടിയെ കണ്ടെത്താനായില്ല. ബാങ്ക് അക്കൗണ്ടി ല്‍നിന്ന് പണം മറ്റ് അക്കൗണ്ടുകളിലേക്ക് പോയതായും കണ്ടെത്തി.

കുട്ടി ഓണ്‍ലൈന്‍ കളികളില്‍ ഏര്‍പ്പെടാറുണ്ടെന്ന് പറയുന്നു. ഓണ്‍ലൈന്‍ കളികള്‍ വരുത്തുന്ന വന്‍ ദുരന്തമാണ് ഈ മരണം നല്‍കുന്ന സൂചനയെന്നാണ് റിപ്പോർട്ട്. വാടാനപ്പള്ളി പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സിസിടിവി കാമറകള്‍ പരിശോധിച്ചതില്‍ തൃപ്രയാര്‍ ഭാഗത്ത് വന്നതായി കണ്ടെത്തിയിരുന്നു. ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ദേശീയപാത ബി.ഒ.ടി. വത്കരണത്തിന്‍റെ ഭാഗമായി പൊളിച്ചു മാറ്റേണ്ടി വരുന്ന ഹോട്ടല്‍ ഒഴിഞ്ഞു കിടക്കുന്ന വീട്ടിലേക്ക് മാറ്റിസ്ഥാപിക്കുന്നതിനായി ഇന്നലെ ഉച്ചയോടെ ശുചീകരിക്കുമ്പോഴാണ് വീടിനകത്ത് സീലിങ്ങിലെ ഹുക്കില്‍ തൂങ്ങി മരിച്ച് അഴുകി താഴെ വീണുകിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്.

ആറു മാസത്തോളം പഴക്കമുള്ള മൃതദേഹത്തില്‍ നിന്ന് തല വേര്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ചുറ്റും പുല്ലുകള്‍ വളര്‍ന്ന് ജനസഞ്ചാരമില്ലാത്ത ഈ വീടിനെക്കുറിച്ച് കുട്ടിക്ക് എങ്ങനെ അറിവുണ്ടായി എന്നത് ദുരൂഹമാണ്. പതിനഞ്ച് കിലോമീറ്ററോളം ദൂരെയുള്ള ഈ വീടിനകത്ത് കയറാന്‍ കഴിയുന്നത് എങ്ങനെയാണ് കണ്ടെത്തിയതെന്നതും സംശയം ജനിപ്പിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *