കോഴിക്കോട് നഗരത്തില്‍ വെള്ളക്കെട്ട്; മലയോരത്ത് ഉരുള്‍പൊട്ടല്‍ ഭീതി” ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു

കോഴിക്കോട് നഗരത്തില്‍ വെള്ളക്കെട്ട്; മലയോരത്ത് ഉരുള്‍പൊട്ടല്‍ ഭീതി” ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു

October 12, 2021 0 By Editor

കോഴിക്കോട്: ജില്ലയിലെ പല മേഖലയിലും ഇന്നലെ മുതല്‍ തുടങ്ങിയ തോരാ മഴ കനത്ത നാശം വിതച്ചു. ഗ്രാമ നഗര വ്യത്യാസമില്ലാതെ മഴ തുടരുകയാണ്. മാവൂര്‍ റോഡില്‍ വെള്ളക്കെട്ടുണ്ടായതോടെ ഗതാഗതം സ്തംഭിച്ചു. ചിന്താവളപ്പില്‍ മതിലിടിഞ്ഞു. ബീച്ച് റോഡും മൂന്നാലിങ്കല്‍ ഭാഗത്തും വലിയ വെള്ളക്കെട്ടാണുള്ളത്.മുണ്ടിക്കല്‍ താഴവും തടമ്പാട്ട് താഴത്തുമെല്ലാം വെള്ളത്തിനടിയിലായി.

മാവൂര്‍ ചാത്തമംഗലം ഭാഗത്താണ് വ്യാപകമായ മണ്ണിടിച്ചല്‍ ഉണ്ടായിട്ടുള്ളത്. ചാത്തമംഗലം സൗത്ത് അരയങ്കോട്ട് വീടിന്റെ മതിലിടിഞ്ഞ് ഒരു ഓട്ടോയും രണ്ട് ഇരുചക്ര വാഹനങ്ങളും തകര്‍ന്നു. കൂടരഞ്ഞി കൂമ്പാറ ആനക്കല്ലും പാറയില്‍ ചെറിയ തോതില്‍ മല വെള്ളപ്പാച്ചില്‍ ഉണ്ടായി. കൂമ്പാറ പുഴയിലൂടെ മലയോരത്ത് നിന്ന് കല്ലും മണ്ണും ഒലിച്ച് വന്നത് ആളുകളെ ഭീതിയിലാക്കി. നിരവധി ക്വാറികളുള്ള പ്രദേശമാണിത്. കൊയിലാണ്ടിയിലും ബാലുശ്ശേരിയിലും കനത്ത മഴയുണ്ടായിരുന്നുവെങ്കിലും ഇപ്പോല്‍ ശക്തി കുറഞ്ഞിട്ടുണ്ട്. കൊയിലാണ്ടി നഗരസഭയിലെ ഏഴ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ തീരുമാനം ആയിട്ടുണ്ട്.

മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. www.eveningkerala.com  0495 2371002, ടോള്‍ ഫ്രീ നമ്പര്‍: 1077. താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പറുകള്‍: കോഴിക്കോട്-0495 2372966.കൊയിലാണ്ടി-0496 2620235, വടകര-0496 2522361, താമരശ്ശേരി-0495 2223088.