നിപ വൈറസ്: യാത്രക്കാരില്ലാതെ ബസ് സര്‍വീസുകളെല്ലാം നഷ്ടത്തില്‍

വടകര: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധനവ് മൂലം ദുരിതമനുഭവിക്കുന്ന ബസ്സുടമകള്‍ക്ക് നിപ വൈറസ് രോഗം പടര്‍ന്നു പിടിച്ചതോടെ ബസ്സുകളില്‍ ആളുകള്‍ കയറാത്ത അവസ്ഥ സംജാത മായതായും ദിനം പ്രതി വലിയ നഷ്ടം സഹിച്ചാണ് സര്‍വ്വീസ് നടത്തുന്നതെന്നും വടകര പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസ്സോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.നിപ്പ വൈറസ് കാരണം വടകര നിന്നും പേരാമ്പ്ര, പയ്യോളി, ചാനിയംകടവ്, കുറ്റ്യാടി എന്നീ പ്രദേശങ്ങളിലേക്കുള്ള ബസ്സുകളില്‍ ആളുകള്‍ കയറാന്‍ മടിക്കുകയാണ്. ഇത് കാരണം നാല്‍പത്തി അഞ്ചോളം ബസ്സുകള്‍ സര്‍വീസ് നടത്തുന്ന പേരാമ്പ്രയിലേക്ക് ഇപ്പോള്‍ 12 ബസ്സുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്.

65 ഓളം സര്‍വ്വീസുകള്‍ നടത്തുന്ന കുറ്റ്യാടിയിലേക്ക് 25 ഓളം ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തിയതായും ഭാരവാഹികള്‍ പറഞ്ഞു. വര്‍ഷം തോറും ഇന്‍ഷുറന്‍സ് പ്രീമിയവും, ടാക്‌സും, ദിനം പ്രതി ഡീസലിനും, സ്‌പെയര്‍ പാര്‍ട്‌സിനും, ടയറുകള്‍ക്കും വില വര്‍ദ്ധിക്കുന്നത് കാരണം ബസ് ചാര്‍ജ് വര്‍ദ്ധനവ് ഉടമകള്‍ക്ക് ഗുണം ചെയ്തില്ലെന്നും ഉടമകള്‍ പറഞ്ഞു. ഒരു തൊഴിലാളിക്ക് ലഭിക്കുന്ന വേതനം പോലും ഉടമയ്ക്ക് ലഭിക്കാത്ത അവസ്ഥയില്‍ അടുത്ത ദിവസം തന്നെ സ്വകാര്യ ബസ്സുകള്‍ ഒന്നൊന്നായി സര്‍വ്വീസില്‍ നിന്നും പിന്‍വലിയുമെന്നും ഇവര്‍ വ്യക്തമാക്കി.ഇതിനു പുറമെ റൂട്ട് ബസ്സുകള്‍ക്ക് മുന്നിലും, പിന്നിലുമായി ബസ് സ്റ്റോപ്പുകള്‍ കേന്ദ്രീകരിച്ച് യാത്രക്കാരെ വിളിച്ചുകയറ്റി പാരലല്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോ, ടാക്‌സി എന്നിവക്കെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറാകാത്ത മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ബസ് സ്റ്റാന്റുകളില്‍ കയറി ബസ്സുകള്‍ പരിശോധിച്ച് പിഴ ചുമത്തുകയാണെന്നും ഇതിന്റെ ഫലമായി ഈ വ്യവസായം പ്രതിസന്ധിയില്‍ ആയിരിക്കയാണെന്നും ഇവര്‍ ആരോപിച്ചു.

പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ കൊണ്ട് വരികയും,വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ചാര്‍ജ് വര്‍ദ്ധിപ്പിക്കുകയും ചെയ്ത് മറ്റു സംസ്ഥാന മാതൃകയില്‍ റഗുലേറ്റിങ് അതോറിറ്റി കേരളത്തിലും നടപ്പിലാക്കി അനുകൂല സാഹചര്യം സൃഷ്ടിച്ചാല്‍ മാത്രമേ സ്വകാര്യ ബസ് വ്യവസായത്തെ രക്ഷിക്കാന്‍ കഴിയുകയുള്ളൂവെന്നും നേതാക്കള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡണ്ട് കെ.കെ.ഗോപാലന്‍ നമ്പ്യാര്‍,സെക്രട്ടറി ടി.എം.ദാമോദരന്‍,സംസ്ഥാന കമ്മറ്റി അംഗം എം.കെ.ഗോപാലന്‍, പി.പി,പ്രസീത് ബാബു എന്നിവര്‍ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *