പരിയാരം മെഡിക്കല്‍ കോളേജ്: സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതില്‍ കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

June 7, 2018 0 By Editor

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തുവെന്ന പ്രഖ്യാപനം നടത്തിയിട്ട് ഒന്നര മാസമായിട്ടും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍നിന്നും ലഭിക്കുന്ന ഒരു സേവനവും ഇതുവരെ ജനങ്ങള്‍ക്കു ലഭ്യമാകാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്. സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ നടത്തി ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി കുറ്റപ്പെടുത്തി.

ജനറല്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുന്ന രോഗികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. വിദ്യാര്‍ഥികളില്‍നിന്നും സ്വാശ്രയ നിരക്കില്‍ ഫീസ് വാങ്ങിക്കൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസ മാഫിയകളുടെ മനോഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനെ സര്‍ക്കാര്‍ നിയന്ത്രിത സ്വകാര്യ മെഡിക്കല്‍ കോളേജെന്നു ജനങ്ങള്‍ പരിഹസിക്കുമ്പോള്‍ അതും ബഹുമതിയായി ആരോഗ്യമന്ത്രി മാറ്റിയിരിക്കുകയാണ്. പരിയാരം മെഡിക്കല്‍ കോളേജില്‍ ഒന്നാംവര്‍ഷ എംബിബിഎസിന് സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ ഫീസ് സമീപകാലത്താണു വര്‍ധിപ്പിച്ചത്.

പാവപ്പെട്ട കുടുംബങ്ങളിലെ മിടുക്കരായ വിദ്യാര്‍ഥികളുടെ ഭാവി പന്താടാനുള്ള സാഹചര്യവും തീരുമാനവുമാണു സര്‍ക്കാര്‍ ഫീസ് വര്‍ധനയിലൂടെ സൃഷ്ടിച്ചിട്ടുള്ളത്. പരിയാരത്തേത് കുറഞ്ഞ ചെലവില്‍ സാധാരണക്കാര്‍ക്ക് ചികിത്സ ലഭ്യമാകുമെന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജെന്ന ജനങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണു തകര്‍ന്നിരിക്കുന്നത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍നിന്ന് ജനങ്ങള്‍ക്കു ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും നല്‍കാനും സര്‍ക്കാര്‍ പറഞ്ഞ വാക്ക് പാലിക്കാനും ഉടന്‍ തയാറാകണമെന്നും ഇല്ലെങ്കില്‍ അതിശക്തമായ ജനകീയ പ്രക്ഷോഭത്തിനു കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും സതീശന്‍ പാച്ചേനി പ്രസ്താവനയില്‍ വ്യക്തമാക്കി.