ലോകകപ്പ് സൗഹൃദ മത്സരം: അര്‍ജന്റീനയ്‌ക്കെതിരെ ഇസ്രായേലിന്റെ പരാതി

June 8, 2018 0 By Editor

ലോകകപ്പ് സൗഹൃദ മത്സരം ഉപേക്ഷിച്ചതിന്റെ പേരില്‍ അര്‍ജന്റീനയ്‌ക്കെതിരെ ഇസ്രായേല്‍ ഫിഫയ്ക്ക് പരാതി നല്‍കി. അര്‍ജന്റീന താരങ്ങളെ മത്സരം ഉപേക്ഷിക്കാന്‍ പറയുന്നതിലേക്ക് പ്രേരിപ്പിച്ച കാര്യങ്ങളെന്തെന്ന് ഫിഫയോട് അന്വേഷിക്കാനും ഇസ്രായേല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലോകകപ്പില്‍ മതപരമായ വിവേചനം കാണിച്ച അര്‍ജന്റീനയെ പുറത്താക്കണമെന്നും ഇസ്രായേല്‍ ആവശ്യപ്പെട്ടുവെന്നാണ് സൂചന.

ഇസ്രായേലിനെതിരെ മെസി കളിക്കുന്നുവെങ്കില്‍ അര്‍ജന്റീനയുടെ പത്താം നമ്പര്‍ ജഴ്‌സികളും മെസ്സിയുടെ ചിത്രങ്ങളും കത്തിക്കാമെന്ന് പലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ചീഫ് ജിബ്‌രീല്‍ റജൗബ് പറഞ്ഞിരുന്നു. ഇസ്രായേല്‍ സൗഹൃദം എന്താണെന്ന് അറിയാത്ത രാജ്യമാണെന്നും അതുകൊണ്ട് ഇസ്രായേലിനെതിരെ കളത്തിലിറങ്ങരുതെന്നും പലസ്തീന്‍ ആരാധകര്‍ മെസ്സിയോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മത്സരത്തില്‍ നിന്നും അര്‍ജന്റീന പിന്മാറി. ഇസ്രായേലിനെതിരെ അവരുടെ നാട്ടില്‍ ലോകകപ്പ് സന്നാഹ മത്സരം കളിക്കാനുള്ള തീരുമാനത്തില്‍ നിന്നാണ് ടീം പിന്മാറിയത്.

ജൂണ്‍ പത്തിന് നടക്കേണ്ടിയിരുന്ന മത്സരമാണ് അവസാന നിമിഷം റദ്ദാക്കിയത്. മത്സരത്തിനെതിരെ വലിയ തോതില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഒപ്പം സുരക്ഷാഭീഷണിയും. ഇതെല്ലാമാണ് മത്സരം വേണ്ടെന്നു വയ്ക്കാനുള്ള കാരണം.

പലസ്തീനിന്റെ കൈവശം മുമ്പുണ്ടായിരുന്ന ജെറുസലേമില്‍ വച്ചായിരുന്നു മത്സരം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ മത്സരത്തോട് കളിക്കാര്‍ വിമുഖത പ്രകടിപ്പിച്ചതോടെ ഇരു ഫെഡറേഷനുകളും മത്സരം വേണ്ടെന്നു വയ്ക്കാന്‍ തീരുമാനിച്ചു. മത്സരം നേരത്തേ ഹൈഭയില്‍ വച്ച് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇസ്രായേല്‍ സര്‍ക്കാരിന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് ജെറുസലേമിലേക്ക് മാറ്റുകയായിരുന്നു.