ചൈനയില്‍ അജ്ഞാതരോഗം പടരുന്നു

June 8, 2018 0 By Editor

വാഷിങ്ടണ്‍: ദുരൂഹ രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ചൈനയിലെ തങ്ങളുടെ സ്ഥാനപതി കാര്യാലയത്തില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥരെ യു.എസ്. തിരിച്ചുവിളിച്ചു. ഗ്വാങ്ഷൂവിലെ കാര്യാലയത്തില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമാണ് നിഗൂഢവും വിചിത്രവുമായ ശബ്ദങ്ങള്‍ കേള്‍ക്കുക, വികാരവും സമ്മര്‍ദവും അനുഭവപ്പെടുക തുടങ്ങിയവ കണ്ടതെന്ന് യു.എസ്. ആഭ്യന്തരമന്ത്രാലയം പറഞ്ഞു.

വൈദ്യപരിശോധനയില്‍ അസുഖം ബാധിച്ചെന്നു കണ്ടെത്തിയ ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളുമടങ്ങുന്ന ഒരു സംഘത്തെ രാജ്യത്തേക്ക് മടക്കിയയച്ചതായും ഔദ്യോഗികവക്താവ് ഹീതര്‍ ന്യൂവര്‍ട്ട് പറഞ്ഞു. എന്നാല്‍, സംഭവത്തെക്കുറിച്ച് നേരത്തേതന്നെ അന്വേഷണം നടത്തിയിരുന്നതായും തെളിവുകളൊന്നും ലഭിച്ചില്ലെന്നുമാണ് ചൈനീസ് അധികൃതര്‍ പ്രതികരിച്ചത്.

മേയ് 23നാണ് ആദ്യം ഇത്തരമൊരു ആരോപണം ഉയര്‍ന്നത്. അതേക്കുറിച്ച് വിശദമായി അന്വേഷിച്ചു. സംശയിക്കാനായി ഒന്നുംകണ്ടെത്തിയില്ലെന്നും, റിപ്പോര്‍ട്ട് യു.എസ്. അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ചൈനയുടെ വിദേശകാര്യവക്താവ് ഹ്വാ ചുന്‍യിങ് പറഞ്ഞു. പുതിയസംഭവം യു.എസ്. അധികൃതര്‍ ഔദ്യാഗികമായി തങ്ങളെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ചയാണ് ചൈനയില്‍ നിന്ന് അമേരിക്ക ഉദ്യോഗസ്ഥരെ അവസാനമായി തിരിച്ചു കൊണ്ടു പോയത്. ഇത് ഇനിയും തുടര്‍ന്നേക്കും. അമേരിക്കയിലെത്തിച്ച് വിദഗ്ധ ആരോഗ്യ പരിശോധനകള്‍ നടത്തി രോഗ നിര്‍ണയം നടത്തും. തിരികെ കൊണ്ടു പോയവരെ എല്ലാം തിരിച്ചു ചൈനയിലെത്തിക്കുമോ എന്നതു സംബന്ധിച്ചും യുഎസ് അധികൃതര്‍ വ്യക്തമാക്കുന്നില്ല.

ചൈനയില്‍ ഇതുവരെ കേട്ടുകേഴ് വിയില്ലാത്ത വിചിത്ര രോഗ ലക്ഷണങ്ങളാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകുന്നത്. മാര്‍ബിള്‍ കല്ലുകള്‍ ഉരുളുന്നതു പോലുള്ള ശബ്ദം കേട്ടതിനു ശേഷമാണ് കടുത്ത തലവേദനയും അസ്വസ്ഥതയും തുടങ്ങിയതെന്നും കുടുംബത്തോടൊപ്പം നാട്ടിലേക്കു തിരികെ പോകാനിരിക്കുകയാണെന്നും മാര്‍ക് ലെന്‍സി എന്ന നയതന്ത്ര ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2016ലാണ് സമാനമായ രോഗലക്ഷണങ്ങള്‍ ക്യൂബയിലെ അമേരിക്കന്‍ ഉദ്യോഗസ്ഥരില്‍ കണ്ടത്.