മലപ്പുറം: ഒറ്റമൂലി ചികിത്സകനെ വെട്ടിനുറുക്കി കവറിലാക്കി ചാലിയാർ പുഴയിൽ തള്ളി. കർണാടക മൈസുരു രാജീവ് നഗറിലെ പാരമ്പര്യ വൈദ്യനായ ഷാബാ ശരീഫിനെയാണ് (60) കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രവാസി വ്യവസായി കൈപ്പഞ്ചേരി ഷൈബിൻ അഷ്‌റഫ് പിടിയിലായി.

മുക്കട്ടയിൽ വീടുകയറി ആക്രമണം നടത്തിയെന്ന പരാതിയുമായി പോലീസിനെ സമീപിച്ച കേസിലെ പരാതിക്കാരനാണ് പ്രതി. മലപ്പുറം നിലമ്പൂർ മുക്കട്ടയിലെ താമസക്കാരനായ ഷൈബിന്റെ നേതൃത്വത്തിലായിരുന്നു കൊലപാതകമെന്ന് പോലീസ് അറിയിച്ചു.

മൈസൂരു രാജീവ് നഗറിൽ ചികിത്സ നടത്തിയിരുന്നയാളാണ് ഷാബാ. ഒറ്റമൂലി മനസ്സിലാക്കി മരുന്നുവ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു ഷൈബിന്റെ ലക്ഷ്യം. തന്റെ വീടിന്റെ ഒന്നാംനിലയിൽ പ്രത്യേകം മുറി തയ്യാറാക്കി ചങ്ങലയിൽ ബന്ധിച്ച് തടവിൽ താമസിപ്പിച്ചു. ഒരു വർഷമായിട്ടും രഹസ്യം കിട്ടിയില്ല. ഇതോടെ കൊലപാതകം നടത്തി.

2020 ഒക്ടോബറിൽ ഷൈബിന്റെ നേതൃത്വത്തിൽ മർദിച്ചും മുഖത്തേക്ക് സാനിറ്റൈസർ അടിച്ചും ഇരുമ്പുപൈപ്പുകൊണ്ട് കാലിൽ ഉരുട്ടിയും പീഡിപ്പിക്കുന്നതിനിടെ ഷാബാ കൊല്ലപ്പെട്ടു. തുടർന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ മൃതദേഹം കഷണങ്ങളാക്കി ചാലിയാർ പുഴയിൽ തള്ളി. രണ്ടുവർഷം പിന്നിട്ടതിനാൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുക പ്രയാസമായിരിക്കുമെന്ന് പൊലീസ് പറയുന്നു.

വയനാട് സുൽത്താൻ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരൻ ഷിഹാബുദ്ദീൻ (36), കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൗഷാദ് (41), ഡ്രൈവർ നിലമ്പൂർ മുക്കട്ട സ്വദേശി നടുതൊടിക നിഷാദ് എന്നിവരുടെ സഹായത്തോടെയാണ് മൃതദേഹം മുറിച്ച് കഷണങ്ങളാക്കിയത്. പീഡിപ്പിക്കാനും മൃതദേഹം പുഴയിൽ തള്ളാനും സഹായിച്ച സുഹൃത്തുക്കൾക്ക് ഷൈബിൻ പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അവരെ പറഞ്ഞു പറ്റിച്ചു. അങ്ങനെയാണ് മോഷണം നടത്തുന്നത്.

മോഷണ കേസിൽ ഏപ്രിൽ 24-ന് ഷൈബിൻ നിലമ്പൂർ പൊലീസിൽ പരാതിനൽകി. ഈ കേസിൽ നൗഷാദിനെ പൊലീസ് അറസ്റ്റുചെയ്തു. മറ്റുള്ളവർക്കുവേണ്ടി അന്വേഷണം നടക്കുന്നതിനിടെ പ്രതികൾ ഏപ്രിൽ 29-ന് സെക്രട്ടേറിയറ്റിനു മുൻപിൽ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാശ്രമം നടത്തി. പിന്നെ സത്യം പറഞ്ഞു. ”നീതി കിട്ടുന്നില്ല, ഞങ്ങളെക്കൊണ്ട് ഷൈബിൻ കൊലപാതകം ചെയ്യിച്ചിട്ടുണ്ട്” എന്നു പറഞ്ഞായിരുന്നു ആത്മഹത്യാശ്രമം. ഇവരെ കസ്റ്റഡിയിലെടുത്ത കന്റോൺമെന്റ് പൊലീസ്, നിലമ്പൂർ പൊലീസിന് കൈമാറി.

ഇവരെയും നൗഷാദിനെയും ചേർത്ത് ചോദ്യംചെയ്തപ്പോഴാണ് കൊലപാതകം തെളിഞ്ഞത്. ഷാബാ ശെരീഫിനെ കാണാതായപ്പോൾ ബന്ധുക്കൾ മൈസൂരു പൊലീസിൽ പരാതിനൽകിയിരുന്നു. ഷാബായെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പെൻഡ്രൈവിലാക്കി സുഹൃത്തുക്കൾ സൂക്ഷിച്ചിരുന്നു. ഈ ദൃശ്യങ്ങൾ ഇവർ പൊലീസിനു കൈമാറി. ബന്ധുക്കളെ കാട്ടി ഇത് ഷാബാ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അതിന് ശേഷമാണ് വിവരം പുറത്തു വിട്ടത്.

Leave a Reply

Your email address will not be published.