അനധികൃതമായി നുഴഞ്ഞു കയറി: ഗര്‍ഭിണിയായ പശുവിന് വധശിക്ഷ

അനധികൃതമായി നുഴഞ്ഞു കയറി: ഗര്‍ഭിണിയായ പശുവിന് വധശിക്ഷ

June 12, 2018 0 By Editor

ലണ്ടന്‍: സെര്‍ബിയയില്‍ നിന്നും അനധികൃതമായി ബള്‍ഗേറിയയിലേക്ക് ‘ നുഴഞ്ഞ് കയറിയ’ പെങ്ക എന്ന പശുവിന് ബര്‍ഗേറിയ വധശിക്ഷ വിധിച്ചു. എന്നാല്‍ ഗര്‍ഭിണിയായ പശുവിനെ കൊല്ലാനുള്ള തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ക്യാമ്പയിന്‍ ഉയര്‍ന്ന് വന്നതോടെ പശുവിന്റെ വധശിക്ഷ ഈ യൂറോപ്യന്‍ യൂണിയന്‍ രാജ്യം റദ്ദാക്കിയിരിക്കുകയാണ്. സേവ് പെങ്ക എന്ന പേരില്‍ പശുവിനെ രക്ഷിക്കാനായി സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ച പെറ്റീഷന് വന്‍ ജനപിന്തുണയായിരുന്നു ലഭിച്ചത്.

യൂറോപ്യന്‍ കമ്മീഷന്റെ വരെ ശ്രദ്ധ ഈ വിഷത്തിലുണ്ടായിരുന്നു. തുടര്‍ന്ന് ബള്‍ഗേറിയ പശുവിന്റെ വധശിക്ഷ റദ്ദാക്കുകയുമായിരുന്നു. പെങ്കയെ ഈ ആഴ്ച അവസാനം ഫാമിലേക്ക് പോകാന്‍ അനുവദിക്കുമെന്ന പ്രഖ്യാപനം ഇന്നലെ ബള്‍ഗേറിയന്‍ ഫുഡ് സേഫ്റ്റി ഏജന്‍സി പുറപ്പെടുവിച്ചിരുന്നു. പശുവിന് നല്ല ആരോഗ്യമുണ്ടെന്ന് നിരവധി ടെസ്റ്റുകളിലൂടെ ബള്‍ഗേറിയ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കോപിലോവ്റ്റ്‌സി ഗ്രാമത്തിനടുത്ത് നിന്നും സെര്‍ബിയയിലേക്ക് ദിവസങ്ങള്‍ക്ക് മുന്‍പ് പോയ പശു 15 ദിവസമായിരുന്നു അവിടെ കഴിഞ്ഞിരുന്നത്. തുടര്‍ന്ന് പശുവിനെ ഉടമ ഇവാന്‍ ഹരാലാംപീവ് ബള്‍ഗേറിയയിലേക്ക് തിരിച്ച് കൊണ്ട് വന്നപ്പോഴായിരുന്നു ബള്‍ഗേറിയന്‍ അധികൃതര്‍ പ്രശ്‌നമുണ്ടാക്കിയത്. പെങ്കയ്ക്ക് അത്യാവശ്യമായ യാത്രാരേഖകളില്ലാത്തതിനാല്‍ വധശിക്ഷ നടത്തിയേ പറ്റൂ എന്നും നോണ്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യമായ സെര്‍ബിയയില്‍ പോയ പശു തിരിച്ച് വന്നത് യൂറോപ്യന്‍ യൂണിയന്‍ അതിര്‍ത്തി ലംഘനമാണെന്നുമായിരുന്നു ബള്‍ഗേറിയയുടെ വാദം.