അംബേദ്കറിന്റെ പേരിനൊപ്പം ‘മഹാരാജ്’ ചേര്‍ത്തു: സര്‍വകലാശാല ഉദ്ദ്യോഗസ്ഥനെ പുറത്താക്കി

അംബേദ്കറിന്റെ പേരിനൊപ്പം ‘മഹാരാജ്’ ചേര്‍ത്തു: സര്‍വകലാശാല ഉദ്ദ്യോഗസ്ഥനെ പുറത്താക്കി

June 16, 2018 0 By Editor

ഔറംഗബാദ്: അംബേദ്കറിന്റെ പേരിനൊപ്പം ‘മഹാരാജ്’ ചേര്‍ത്തതിന് മഹാരാഷ്ട്രയിലെ ഡോ. ബാബാസാഹേബ് അംബേദ്കര്‍ മറാത്ത്വാഡ സര്‍വകലാശാലയിലെ ആക്ടിങ് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തു. സര്‍വകലാശാല ഉദ്യോഗസ്ഥയായ സാധന പാണ്ഡെയെയാണ് പുറത്താക്കിയത്. അംബേദ്കറുടെ പേരിനെ ചുറ്റിപ്പറ്റി നേരത്തെയും വിവാദങ്ങളുണ്ടായിരുന്നു. ‘റാംജി’ എന്ന് കൂട്ടിച്ചേര്‍ത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിറക്കിയത് വിവാദമായിരുന്നു.

സര്‍വകലാശാല സെനറ്റ് അംഗങ്ങളുടെ യോഗത്തില്‍ സംസാരിക്കവെയാണ് ആക്ടിങ് രജിസ്ട്രാര്‍ അംബേദ്കറുടെ പേരിനൊപ്പം ‘മഹാരാജ്’ എന്ന് ചേര്‍ത്ത് സംബോധന ചെയ്തത്. സര്‍വകലാശാല വൈസ് ചാന്‍സിലറും മാധ്യമപ്രവര്‍ത്തകരുമെല്ലാം അടങ്ങുന്ന യോഗത്തിലായിരുന്നു ഇത്.

അംബേദ്കറുടെ പേരിനൊപ്പം സാധാരണ ഉപോയഗിക്കാത്ത ഈ വിശേഷണം ദുരുദ്ദേശപരമാണെന്ന് ചൂണ്ടിക്കാട്ടി സെനറ്റ് അംഗങ്ങള്‍ പ്രതിഷേധിച്ചു. ആക്ടിങ് രജിസ്ട്രാര്‍ വലതുപക്ഷ പ്രത്യയശാസ്ത്രം വെച്ചു പുലര്‍ത്തുന്ന ആളായതിനാലാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്നും അവരെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

പ്രതിഷേധത്തെ തുടര്‍ന്ന് ആ യോഗത്തില്‍വെച്ചുതന്നെ വൈസ് ചാന്‍സിലര്‍ ബി.എ ചോപ്പ്‌ഡേ രജിസ്ട്രാറെ പുറത്താക്കിയതായി പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് അവരോട് യോഗത്തില്‍ നിന്ന് പുറത്തുപോകാനും അദ്ദേഹം നിര്‍ദേശിച്ചു.