പൊലീസിലെ അടിമപ്പണി അന്വേഷിക്കും;മുഖ്യമന്ത്രി

June 18, 2018 0 By Editor

പൊലീസിലെ അടിമപ്പണി അവസാനിപ്പിക്കുമെന്നും നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ കെ ശബരീനാഥ് എം എല്‍ എയുടെ സബ്‌മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
എ ഡി ജി പി സുധേഷ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ചെന്നുള്ള ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മകളെ പ്രതിയാക്കി തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും കേസ് ക്രൈം ബ്രാഞ്ച് എ ഡി ജി പിയുടെ നേതൃത്വത്തില്‍ അന്വേഷിച്ച്‌ വരികയാണ്. ഔദ്യോഗിക കാര്യങ്ങള്‍ക്കായി വിന്യസിക്കേണ്ട പോലീസ് കോണ്‍സ്റ്റബിള്‍മാരെയും മറ്റും വീട്ടാവശ്യങ്ങള്‍ക്കും വ്യക്തിപരമായ സേവനങ്ങള്‍ക്കും ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന കാര്യം പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത്തരം പ്രവണത പൂര്‍ണ്ണമായും അവസാനിപ്പിക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.