ലീഗ് ഓഫീസിന് നേരെ ബോംബേറ്: നാദാപുരത്ത് ഹര്‍ത്താല്‍

June 19, 2018 0 By Editor

കോഴിക്കോട്: നാദാപുരം തെരുവന്‍ പറമ്പില്‍ മുസ്‌ലീം ലീഗ് ഓഫീസിന് നേരെ ബോംബേറ്. ഇന്നലെ രാത്രിയാണ് സംഭവം. ബോംബേറില്‍ ഓഫീസിന്റെ മുന്‍ഭാഗത്തെ ചില്ലുകള്‍ തകരുകയും ഭിത്തിക്ക് കേടുപറ്റുകയും ചെയ്തു. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

ലീഗ് ഓഫീസിനു നേരെ തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണ് ബോംബേറുണ്ടായത്. ഉഗ്രശേഷിയുള്ള ബോംബാണ് എറിഞ്ഞതെന്ന് പരിസരവാസികള്‍ പറഞ്ഞു. ഓഫീസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. ചുമരില്‍ വിള്ളലുകള്‍ ഉണ്ടായിട്ടുണ്ട്. ശിഹാബ് തങ്ങള്‍ സൗധം എന്ന പേരില്‍ ലീഗ് ഓഫീസിന്റെ പണി ഏകദേശം പൂര്‍ത്തിയായതാണ്. അടുത്തുതന്നെ ഉദ്ഘാടനത്തിന് ഒരുങ്ങുന്നതിനിടെയാണ് ആക്രമണം നടന്നത്.

കഴിഞ്ഞ മാസം തെരുവന്‍പറമ്പില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ കടകള്‍ അഗ്‌നിക്കിരയാക്കിയിരുന്നു. പ്രദേശത്ത് സര്‍വകക്ഷികളുടെ നേതൃത്വത്തില്‍ സമാധാന പ്രവര്‍ത്തനങ്ങള്‍ സജീവമായിരുന്നു. കടകള്‍ അഗ്‌നിക്കിരയാക്കിയ സംഭവത്തില്‍ പ്രതികളെ പിടികൂടണമെന്ന് യോഗം നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ആര്‍ക്ക് എതിരെയും നടപടിയെടുത്തിട്ടില്ല. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും അക്രമണം ഉണ്ടായത്. നാദാപുരം സിഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഭവസ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്.

സംഭവത്തില്‍ പ്രതിഷേധിച്ച് തെരുവന്‍ പറമ്ബില്‍ വൈകിട്ട് ആറ് മണി വരെ ലീഗ് ഹര്‍ത്താല്‍ ആചരിക്കുകയാണ്.