യൂബറിന്റെ തലപ്പത്ത് മലയാളിയും: ഇന്ത്യ-ദക്ഷിണേഷ്യ വിഭാഗം പ്രസിഡന്റായി പ്രദീപ് പരമേശ്വരന്‍ നിയമിതനായി

കൊച്ചി: ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ യൂബര്‍ ടെക്‌നോളജീസിന്റെ ഇന്ത്യ ദക്ഷിണേഷ്യ വിഭാഗം പ്രസിഡന്റായി മലയാളിയായ പ്രദീപ് പരമേശ്വരന്‍ നിയമിതനായി. യൂബറിന്റെ ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും പ്രവര്‍ത്തനങ്ങള്‍ക്ക് പ്രദീപ് നേതൃത്വം നല്‍കുമെന്ന് കമ്പനിയുടെ ഏഷ്യ പസഫിക് മേധാവി അമിത് ജെയിന്‍ അറിയിച്ചു.

അമിത്തായിരുന്നു ഇതുവരെ കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. അദ്ദേഹത്തിന് ഏഷ്യ പസഫിക്കിന്റെ ചുമതല ലഭിച്ചതോടെയാണ് പ്രദീപിന് നറുക്ക് വീഴുന്നത്. 2017 ജനുവരിയിലാണ് പ്രദീപ് യൂബറിലെത്തിയത്. ഇന്ത്യയില്‍ ആദ്യമായി ടാക്‌സി സേവനത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതി അവതരിപ്പിച്ചത് അദ്ദേഹമാണ്. നേരത്തെ, ഹിന്ദുസ്ഥാന്‍ ലീവര്‍, മെക്കന്‍സി ആന്‍ഡ് കമ്പനി, ഡെന്‍ നെറ്റ്വര്‍ക്‌സ് എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഗതാഗത രംഗത്ത് സുപ്രധാന വിപണികളിലൊന്നാണ് ഇന്ത്യയെന്ന് പ്രദീപ് പറഞ്ഞു. മലിനീകരണം കുറഞ്ഞ, ട്രാഫിക് കുറഞ്ഞ, പാര്‍ക്കിങ്ങിന് അധികം സ്ഥലം ആവശ്യമില്ലാത്ത ഒരു ഭാവി, വരും തലമുറയ്ക്ക് സമ്മാനിക്കുകയാണ് യൂബറിലൂടെ താന്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്ക ആസ്ഥാനമായ യൂബര്‍, ഇന്ത്യയിലെ എതിരാളികളായ ഒല കാബ്‌സിനെ ഏറ്റെടുത്തേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് പ്രദീപ് കമ്പനിയുടെ തലപ്പത്തെത്തുന്നത്. കവിതയാണ് പ്രദീപിന്റെ ഭാര്യ. മക്കള്‍: യാജ്, യാഗിനി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *