ഒരാള്‍ക്ക് അശ്ലീലമായി തോന്നുന്നത് മറ്റൊരാള്‍ക്ക് കവിതയായി തോന്നാം: ഗൃഹലക്ഷ്മി മാസികയുടെ മുഖചിത്രത്തെ അനുകൂലിച്ച് കോടതി

കൊച്ചി: ഗൃഹലക്ഷ്മി മാസികയുടെ മുഖചിത്രമായി പ്രസിദ്ധികരീച്ച മുലയൂട്ടുന്ന സ്ത്രീയുടെ ചിത്രത്തില്‍ അശ്ലീലമില്ലെന്ന് ഹൈക്കോടതി. ചിത്രത്തില്‍ സ്ത്രീകളെ മാന്യതയില്ലാതെ ചിത്രീകരിക്കുന്നതായി ഒന്നും കാണാന്‍ സാധിച്ചില്ലെന്നും കോടതി വ്യക്തമാക്കി.

സദാചാര ബോധത്തെ ഭഞ്ജിക്കുക എന്നതെല്ലാം ആപേക്ഷികമാണ്. ഒരാള്‍ക്ക് അശ്ലീലമായി തോന്നുന്നത് മറ്റൊരാള്‍ക്ക് കവിതയായി തോന്നാമെന്ന് വിശദീകരിച്ചു കൊണ്ടാണ് കവര്‍ ചിത്രത്തെ അനുകൂലിച്ച് കോടതി വിധി പുറപ്പെടുവിച്ചത്.

ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്, ജസ്റ്റിസ് ഡാമ ശേഷാദ്രി നായിഡു എന്നിവരാണ് മുഖചിത്രത്തിനെതിരേയുള്ള ഹര്‍ജി പരിഗണിച്ചത്. ‘ഹര്‍ജിക്കാര്‍ ആരോപിക്കുന്ന ചിത്രത്തിലെ അശ്ലീലതയെ ഞങ്ങള്‍ ഒരുപാട് പരിശ്രമിച്ചിട്ടും കാണാന്‍ സാധിച്ചില്ല. ആണുങ്ങള്‍ക്ക് ആക്ഷേപകരമായ ഒന്നും തന്നെ ഫോട്ടോയുടെ കാപ്ഷനിലും കണ്ടെത്തിയിട്ടില്ല. രാജാരവിവര്‍മ്മയുടെ ചിത്രങ്ങളില്‍ നോക്കുന്ന അതേ കണ്ണ് കൊണ്ടാണ് ഈ ചിത്രത്തെ ഞങ്ങള്‍ നോക്കിയതും ചിത്രം തങ്ങള്‍ക്ക് അനുഭവപ്പെട്ടതും’, ജഡ്ജിമാര്‍ വിലയിരുത്തി. സൗന്ദര്യം കുടികൊള്ളുന്നത് നോക്കുന്നയാളുടെ കണ്ണുകളിലാണെന്നും അതുപോലെ തന്നെയാണ് അശ്ലീലതയെന്നും കോടതി നിരീക്ഷിച്ചു.

പോക്‌സോ വകുപ്പിന്റെയും ബാലനീതി വകുപ്പിന്റെയും ലംഘനമാണ് മുഖചിത്രമെന്ന് ചൂണ്ടികാട്ടിയാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. സ്ത്രീകളെ മോശമായ രീതിയില്‍ ചിത്രീകരിച്ചെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു.

എന്നാല്‍ ഹര്‍ജിക്കാരന്റെ ആരോപണങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ കോടതി ഇന്ത്യന്‍ കലാ സൃഷ്ടികള്‍ മനുഷ്യ ശരീരത്തെ എന്നും ആസ്വദിക്കുകയും ആഘോഷിക്കുകയും ആണ് ചെയ്തിട്ടുള്ളതെന്ന് പറഞ്ഞു. അജന്തയിലെയും കാമസൂത്രയിലെയും കലാസൃഷ്ടികകള്‍ ഇതിന് ഉദാഹരണമാണെന്നും ഇന്ത്യന്‍ മനസ്സിന്റെ പാകതയാണ് അത് കാണിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.

സദാചാരത്തിനും ഇന്ത്യന്‍ സംസ്‌കാരത്തിനും എതിരെയാണ് ചിത്രമെന്ന പരാതിക്കാരന്റെ വാദം കോടതി അംഗീകരിച്ചില്ല. സത്രീകളെ മാന്യതയില്ലാതെ ചിത്രീകരിക്കുകയോ കുട്ടികളെ തെറ്റായ രീതിയില്‍ ചിത്രത്തിനായി ഉപയോഗപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *