പറളിയില്‍ മൂന്ന് ദിവസത്തെ പരിശ്രമത്തിനൊടുവില്‍ കാട്ടാനകള്‍ കാടുകയറ്റി

പറളിയില്‍ മൂന്ന് ദിവസത്തെ പരിശ്രമത്തിനൊടുവില്‍ കാട്ടാനകള്‍ കാടുകയറ്റി

June 23, 2018 0 By Editor

പാലക്കാട്: മൂന്നു ദിവസങ്ങളായി നാടിനെ വിറപ്പിച്ച കാട്ടാനകളെ ഒടുവില്‍ കാടുകയറ്റി. വെള്ളിയാഴ്ച രാത്രിയോടെയാണ് ആനകള്‍ കാടുകയറി മറഞ്ഞത്. ഭാരതപ്പുഴ പറളി ഭാഗത്തുനിന്നും തുരത്തിയ കാട്ടാനകളെ മുണ്ടൂര്‍ പഞ്ചായത്തിലെ വള്ളിക്കോടന്‍ മലയിലേക്കാണ് കയറ്റിയത്. പടക്കം പൊട്ടിക്കാന്‍ തുടങ്ങിയതോടെ ആനകള്‍ റെയില്‍പാളം മുറിച്ചുകടന്നു.

കിണാവല്ലൂര്‍ വില്വംകാട് വഴി കാട്ടിലേക്കു പോകുംവഴിയും ആനകള്‍ പരാക്രമങ്ങള്‍ കാട്ടിയിരുന്നു. വില്വംകാട് രത്‌നത്തിന്റെ റബര്‍തോട്ടത്തിന്റെ മതിലും തകര്‍ത്തു. വഴുക്കപ്പാറ ചന്ദ്രശേഖരന്റെ വീടിന്റെ മതിലോരത്തുള്ള പട്ടിക്കൂടും മറിച്ചിട്ടു. പകല്‍ മുഴുവന്‍ പറളി പ്രദേശത്തെയാകെ വിറപ്പിച്ച ആനകളെ കാട്ടിലേക്കു വിട്ടതോടെയാണ് നാട്ടുകാരുടെ ശ്വാസം വീണത്.

കന്‍പ വള്ളിക്കോട് ഭാഗത്തുനിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് ആനകള്‍ റെയില്‍ കടന്നു പറളിയിലെത്തിയത്. പറളി പുഴയില്‍ മേല്‍പ്പാലത്തിനു സമീപം നിലയുറപ്പിച്ച ആനകള്‍ തീറ്റയും കുളിയുമായി പകല്‍ മുഴുവന്‍ കഴിച്ചുകൂട്ടുകയായിരുന്നു. വനംവകുപ്പും പോലീസും നാട്ടുകാരും ഒരുപാട് പരിശ്രമങ്ങള്‍ നടത്തിയാണ് ഒടുവില്‍ ആനകളെ കാട്ടിലേക്ക് മടക്കിയത്.