മോദി പ്രഭാവം ക്ഷയിച്ചു, പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരും: ദിഗ്‌വിജയ് സിങ്

മോദി പ്രഭാവം ക്ഷയിച്ചു, പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരും: ദിഗ്‌വിജയ് സിങ്

June 24, 2018 0 By Editor

ന്യൂഡല്‍ഹി: 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരുമെന്നു മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ ദിഗ്‌വിജയ് സിങ്. നരേന്ദ്ര മോദി പ്രഭാവം ക്ഷയിച്ചെന്നും വിശാല സഖ്യമില്ലെങ്കിലും കോണ്‍ഗ്രസ് ജയിക്കുമെന്നും ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ദിഗ്‌വിജയ് സിങ് പറഞ്ഞു.

സംഘപരിവാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സിങ് നിശിതമായി വിമര്‍ശിച്ചു. ‘സംഘപരിവാറിനു ഹിന്ദുമതവുമായി യാതൊരു ബന്ധവുമില്ല. ജനസംഖ്യയുടെ 95 ശതമാനവും ഹിന്ദുമതവിശ്വാസികളാണ്. അവരില്‍ എത്ര പേരുണ്ട് ആര്‍എസ്എസ് അംഗത്വമുള്ളവര്‍ റജിസ്റ്റര്‍ ചെയ്യപ്പെടാത്ത ഒരു സംഘടനയെപ്പറ്റി എന്തിന് ആശങ്കപ്പെടണം’, ദിഗ്‌വിജയ് സിങ് ചോദിക്കുന്നു.

താനൊരു ഹിന്ദുവാണെന്നും എന്നാല്‍ തന്റെ മതം ക്യാംപെയ്‌നുകള്‍ക്കു വേണ്ടിയുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഹിന്ദുത്വ എന്ന വാക്ക് ആദ്യമുപയോഗിച്ചതു സവര്‍ക്കര്‍ ആണ്. ഹിന്ദുമതവുമായി ആ വാക്കിനു ബന്ധമൊന്നുമില്ല. എന്നെ സംബന്ധിച്ചു മതം വ്യക്തിപരമായ ഒരു കാര്യമാണ്. ഒരു ഹിന്ദുവെന്ന നിലവില്‍ ഹിന്ദു ഭീകരത എന്ന വാക്ക് എനിക്കുപയോഗിക്കാന്‍ കഴിയുമോ? ഒരു മതത്തിനും ഭീകരവാദത്തെ പിന്തുണക്കാന്‍ കഴിയില്ല.’

സിമി, ബജ്റംഗ്ദള്‍ തുടങ്ങിയ സംഘടനകളെ നിരോധിക്കാന്‍ ആദ്യം ആവശ്യപ്പെട്ട മുഖ്യമന്ത്രി താനായിരുന്നെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു. കര്‍ണാടക തിരഞ്ഞെടുപ്പു പ്രചാരണവേളയില്‍ ക്ഷേത്ര സന്ദര്‍ശനം നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നടപടിയെ അദ്ദേഹം ന്യായീകരിച്ചു.

‘നരേന്ദ്ര മോദി പ്രഭാവം ക്ഷയിച്ചു. മോദിയെ മോദിയാക്കിയ അഡ്വാനിയെയും തൊഗാഡിയയെയും അദ്ദേഹം വകവയ്ക്കുന്നില്ല”, അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാല ഐക്യത്തെക്കുറിച്ചു പ്രതികരണം ഇങ്ങനെ: ‘ഗാന്ധിയും നെഹ്‌റുവും മുന്നോട്ടുവച്ച ആശയങ്ങള്‍ പിന്തുടരുന്നവര്‍ ഒരുവശത്ത്, മറുവശത്ത് ഗോഡ്‌സെ അനുകൂലികള്‍. വ്യക്തികള്‍ തമ്മിലല്ല, ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണിത്. 2004ല്‍ ഇത്തരം സഖ്യങ്ങളൊന്നുമില്ലാതെയാണു കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. അന്നു ജയിക്കാമെങ്കില്‍ ഇന്നും ജയിക്കാം”