വണ്ടിത്താവളത്ത് ബസ് സ്റ്റാന്റ് നിര്‍മിക്കും

വണ്ടിത്താവളത്ത് ബസ് സ്റ്റാന്റ് നിര്‍മിക്കും

June 26, 2018 0 By Editor

വണ്ടിത്താവളം: പട്ടഞ്ചേരിപെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രദേശത്തെ ഏക വാണിജ്യകേന്ദ്രമായ വണ്ടിത്താവളം ടൗണില്‍ യാത്രക്കാര്‍ക്കായി ബസ് സ്റ്റാന്‍ഡ് നിര്‍മിക്കും. നിലവില്‍ ടൗണിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുന്നിലാണ് ബസ് നിര്‍ത്തുന്നത്. ഇത് യാത്രാതടസത്തിനും അപകടങ്ങള്‍ക്കും കാരണമാകുകയാണ്.

വണ്ടിത്താവളം ടൗണില്‍ കാറിടിച്ച് മുതിര്‍ന്ന പൗരനായ മല്ലന്‍കുളമ്പ് സ്വദേശി ചികിത്സയ്ക്കിടെ മരണമടഞ്ഞിരുന്നു. വണ്ടിത്താവളം വിളയോടി തിരിവില്‍ ബസ് കാത്തുനിന്ന മധ്യവയസ്‌കനും കാറിടിച്ചു മരിച്ചിരുന്നു. ടൗണിലെത്തുന്ന യാത്രക്കാര്‍ക്ക് സുരക്ഷിതമായി ബസ് കാത്തിരിക്കുന്നതിനു വെയ്്റ്റിംഗ് ഷെഡുപോലും നിലവിലില്ല. ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയിലൂടെ വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തി തിരിച്ചുപോകുന്നതു അപകടഭീഷണി മുന്നില്‍കണ്ടാണ്. കൂടാതെ പട്ടഞ്ചേരിപെരുമാട്ടി പഞ്ചായത്തുകള്‍ രൂപീകരിച്ച് അമ്പതുവര്‍ഷം കഴിഞ്ഞിട്ടും ടൗണിലെത്തുന്ന യാത്രക്കാര്‍ക്ക് പ്രാഥമിക സൗകര്യത്തിനു ഒരു മൂത്രപ്പുരപോലും നിലവിലില്ല. ടൗണിലെത്തി തിരിച്ചുപോകുന്ന ബസുകള്‍ വിശ്രമത്തിനു നിര്‍ത്തിയിടുന്നതും റോഡരികിലാണ്. ഈ സാഹചര്യത്തിലാണ് മുന്പ് കാലിച്ചന്ത നടത്തിയിരുന്ന സ്ഥലത്ത് ബസ് സ്റ്റാന്‍ഡ് നിര്‍മാണം ധൃതഗതിയില്‍ നടക്കുന്നത്.നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ആര്‍ടിഒ പരിശോധന നടത്തി ഒരുമാസത്തിനകം ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനം നടത്തുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.