സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ലാത്തത് ഇന്ത്യയില്‍: രാജ്യത്തെ നാണം കെടുത്തി സര്‍വേ ഫലം പുറത്ത്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ലെന്ന് സര്‍വേ ഫലം. സ്ത്രീകളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 550ഓളം വിദഗ്ദര്‍ക്കിടയില്‍ റോയിറ്റേഴ്‌സ് ഫൗണ്ടേഷന്‍ നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. കാലങ്ങളായി യുദ്ധങ്ങള്‍ നടക്കുന്ന മനുഷ്യര്‍ ഒട്ടും സുരക്ഷിതരല്ലാത്ത അഫ്ഗാനിസ്ഥാന്‍, സിറിയ പോലുള്ള രാജ്യങ്ങളേക്കാള്‍ സ്ത്രീ സുരക്ഷയുടെയും അവകാശ സംരക്ഷണങ്ങളുടെയും കാര്യത്തില്‍ ഇന്ത്യ ഏറ്റവും പിന്നിലാണെന്നതാണ് ശ്രദ്ധേയം.

ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥി കൂട്ടബലാത്സംഗത്തിനിരയായി അഞ്ച് വര്‍ഷം പിന്നിട്ടിട്ടും സ്ത്രീകള്‍ നേരിടുന്ന ഭീഷണിയെ വരുതിയിലാക്കാന്‍ ഇന്ത്യ കാര്യമായി ഒന്നും ചെയ്തിട്ടില്ലെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. 2007നും 2016നും ഇടയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ 83 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നും ഓരോ മണിക്കൂറിലും നാല് കേസുകളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

193 രാജ്യങ്ങളില്‍ ഏതെല്ലാം രാജ്യങ്ങളിലാണ് സ്ത്രീകള്‍ ഏറ്റവും ഭീഷണി നേരിടുന്നത്, മോശം ആരോഗ്യ പരിപാലനം, മോശം സാമ്ബത്തിക വിഭവങ്ങള്‍, മോശം സാംസ്‌കാരിക പാരമ്ബര്യ സമ്ബ്രദായങ്ങള്‍, ലൈംഗികാതിക്രമങ്ങളും പീഡനങ്ങള്‍ തുടങ്ങിയ ചോദ്യങ്ങളാണ് സര്‍വേയില്‍
ചോദിച്ചത്.

മനുഷ്യക്കടത്ത്, ലൈംഗിക അടിമത്തം, നിര്‍ബന്ധിത ഗാര്‍ഹിക ജോലി, നിര്‍ബന്ധിത വിവാഹം, പെണ്‍ ഭ്രൂണ ഹത്യ എന്നിവയുടെ കാര്യത്തിലും സ്ത്രീകള്‍ക്ക് ഏറ്റവും അപകടം നിറഞ്ഞ രാജ്യവും ഇന്ത്യയാണെന്ന് സര്‍വേയോട് പ്രതികരിച്ചവര്‍ പറഞ്ഞു. സര്‍വേ റിപ്പോര്‍ട്ടിനോട് കേന്ദ്ര വനിതാശിശു ക്ഷേമ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. സൊമാലിയയും സൗദി അറേബ്യയുമാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്.

ലൈംഗികാതിക്രമത്തിന്റെ കാര്യത്തില്‍ അമേരിക്ക മൂന്നാം സ്ഥാനത്തുണ്ട്. ഈ പട്ടികയില്‍ ഇടം പിടിക്കുന്ന ഏക പാശ്ചാത്യ രാജ്യമാണ് അമേരിക്ക. 2011ല്‍ സമാനമായ സര്‍വേ നടത്തിയിരുന്നു. അന്നും സ്ത്രീകള്‍ക്ക് അപകടം നിറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ തന്നെ ഇന്ത്യ ഇടം പിടിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *