ചിന്മയ വിദ്യാലയത്തിലെ തൊഴില്‍ പീഡനം: കെയുടിഎസ്‌യു അനിശ്ചിത കാല സമരത്തിലേക്ക്

June 29, 2018 0 By Editor

കണ്ണൂര്‍: ചിന്മയ വിദ്യാലയത്തിലെ തൊഴില്‍ പീഡനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം ആരംഭിച്ചു. അന്യായമായി പിരിച്ചു വിട്ട ലൈബ്രേറിയനെ തിരിച്ചെടുക്കണമെന്നാണ് പ്രധാന ആവശ്യം.സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സമര സഹായ സമിതിയും രൂപീകരിച്ചു.

കണ്ണൂര്‍ ചിന്മയ മിഷന്‍ സ്ഥാപനത്തില്‍ നിന്നും അകാരണമായി പിരിച്ചു വിട്ട ലൈബ്രേറിയന്‍ പി സീമയെ തിരിച്ചെടുക്കണമെന്നും തൊഴില്‍ പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് കേരള അണ്‍ എയ്ഡഡ് ടീച്ചേഴ്‌സ് ആന്‍ഡ് സ്റ്റാഫ് യൂണിയന്റെ നേതൃത്വത്തില്‍ അനിശ്ചിത കാല സമരം ആരംഭിച്ചത്.

ചാല ചിന്മയ വിദ്യാലയത്തിന് മുന്നിലാണ് സമരം.പിരിച്ചു വിടപ്പെട്ട ലൈബ്രേറിയന്‍ സീമയാണ് സത്യാഗ്രഹം ഇരിക്കുന്നത്.സി ഐ ടി യു ജില്ലാ ജനറല്‍ സെക്രട്ടറി കെ മനോഹരന്‍ സമരം ഉദ്ഘാടനം ചെയ്തു.

ഒന്‍പതു വര്‍ഷമായി കണ്ണൂര്‍ ചിന്മയ വിദ്യാലയത്തില്‍ ലൈബ്രറിയാനായി ജോലി ചെയ്തു വരികയായിരുന്ന സീമയെ പ്രതികാര നടപടിയുടെ ഭാഗമായാണ് പിരിച്ചു വിട്ടത്. പി സീമയെ ചിന്മയ മിഷന്‍ സെക്രട്ടറി കെ കെ രാജന്‍ അപമാനിക്കുകയും ഇതില്‍ പരാതി നല്‍കിയതിന്റെ പേരില്‍ ജോലിയില്‍ നിന്നും പിരിച്ചു വിടുകയുമായിരുന്നു. തിരിച്ചെടുക്കാമെന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയെങ്കിലും പിന്നീട് മാനേജ്‌മെന്റ് നിലപാട് മാറ്റി.ഇതിനെ തുടര്‍ന്ന് ആരംഭിച്ച സമരം വിജയിപ്പിക്കുന്നതിനായി കെ പി സുധാകരന്‍ ചെയര്‍മാനും ഒ പി രവീന്ദ്രന്‍ കണ്‍വീനറുമായി സമര സഹായ സമിതി രൂപീകരിച്ചു.