ഊട്ടിയും കൊടൈക്കനാലും ന്യൂജെന്‍ കുട്ടികളുടെ ലിസ്റ്റിലില്ല: കോട്ടയത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വിനോദയാത്ര അമേരിക്കയിലേക്ക്

June 29, 2018 0 By Editor

കോട്ടയം: പാലായിലെ ചാവറ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വിനോദയാത്ര പോകുന്നത് എവിടേക്കെന്ന് കേട്ടാല്‍ ആരും ഒന്ന് അമ്ബരക്കും. മൈസൂര്‍, ഊട്ടി, കൊടൈക്കനാല്‍ എന്നുതുടങ്ങുന്ന പതിവ് ലിസ്റ്റിലൊന്നും ഇവരുടെ ഡെസ്റ്റിനേഷനില്ല. കാരണം ഇവര്‍ ഒരുങ്ങുന്നത് അമേരിക്കന്‍ യാത്രയ്ക്കാണ്. കെനഡി സ്‌പേസ് റിസേര്‍ച്ച് സെന്ററും നയാഗ്ര വെള്ളച്ചാട്ടവും ഉള്‍പ്പെടെ അമേരിക്കയിലെ വിവിധ നഗരങ്ങള്‍ സന്ദര്‍ശിച്ചുള്ള 14ദിവസത്തെ യാത്രയ്ക്ക്.

3.52ലക്ഷം രൂപയാണ് വിനോദയാത്രാ ചിലവ്. യാത്രയ്ക്ക് 3,20,000രൂപയും യുഎസ് വിസ, വിമാനതാവളത്തിലേക്കുള്ള യാത്ര തുടങ്ങിയവയ്ക്കായി 32,000രൂപയും ചേര്‍ന്നതാണ് തുക. ആറാം ക്ലാസ് മുതല്‍ 11ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഒരിക്കിയിട്ടുള്ള യാത്രയ്ക്ക് ആദ്യം പേര് നല്‍കുന്ന 60കുട്ടികള്‍ക്കാണ് അവസരമുണ്ടാകുക.

അടുത്തവര്‍ഷം ഏപ്രിലിലും മെയിലുമായാണ് യാത്ര. മുംബൈയിലെ ട്രാവല്‍ ഏജന്‍സിയാണ് യാത്ര ഒരുക്കുന്നത്. നാസ സ്‌പെസ് സെന്റര്‍ ഉള്‍പ്പെടെയുള്ളവ കാണാനും അറിയാനും ഇതുവഴി അവസരമുണ്ടാകുമെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. കുട്ടികള്‍ക്കായി കെനഡി സ്‌പേസ് സെന്ററില്‍ പ്രത്യേക ക്ലാസും ഒരുക്കും.

താത്പര്യമുള്ള കുട്ടികള്‍ മാത്രം പങ്കെടുത്താല്‍ മതിയെന്നും ടൂര്‍ കമ്ബനിയാണ് യാത്ര ക്രമീകരിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു. പതിവായി നടത്തിവരുന്ന ക്ലാസ് ടൂറുകള്‍ക്ക് പുറമേയാണ് അമേരിക്കന്‍ ടൂര്‍ നടത്തുന്നതെന്നും കുട്ടികളുടെ പ്രതികരണം അറിഞ്ഞശേഷമായിരിക്കും ഇതുസംബന്ധിച്ച അന്തിമതീരുമാനമെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു. എന്നാല്‍ അമേരിക്കന്‍ വിനോദയാത്രയുടെ അറിയിപ്പുവന്നതിന് പിന്നാലെ വിമര്‍ശനങ്ങളും എത്തുന്നുണ്ട്. ധൂര്‍ത്താണെന്നും സാമ്ബത്തികമായി ഉയര്‍ന്നവരെ മാത്രം പരിഗണിച്ചുകൊണ്ടുള്ള തീരുമാനമാണെന്നുമാണ് വിമര്‍ശനങ്ങള്‍.