ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ പൗഡര്‍ ഉപയോഗിച്ച യുവതിക്ക് ക്യാന്‍സര്‍: കമ്പനി 376 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

June 30, 2018 0 By Editor

ന്യൂയോര്‍ക്ക്: ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ടാല്‍കം പൗഡറിന്റെ ഉപയോഗത്തിലൂടെ ഗര്‍ഭാശയ ക്യാന്‍സര്‍ പിടിപെട്ടുവെന്ന കേസില്‍ പരാതിക്കാരിക്ക് 376 കോടി (55 മില്ല്യണ്‍ ഡോളര്‍) നല്‍കാന്‍ മിസൗറി അപ്പീല്‍ കോടതി ഉത്തരവിട്ടു.

സൗത്ത് ഡക്കോട്ട സ്വദേശിയായ ഗ്ലോറിയ റിസ്റ്റെസുണ്ടിനാണ് ഈ തുക നല്‍കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. 2016ലാണ് കേസ് ഫയലില്‍ സ്വീകരിക്കുന്നത്. വര്‍ഷങ്ങളായി സ്ത്രീകളുടെ വ്യക്തി ശുചിത്വത്തിന് എന്ന പേരിലിറക്കിയ ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ പൗഡറാണ് ഉപയോഗിക്കുന്നതെന്നും, ഇതിന്റെ തുടര്‍ച്ചയായ ഉപയോഗമാണ് ക്യാന്‍സറിന് കാരണമായതെന്നും ഇവര്‍ ആരോപിച്ചു. ഇതിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ഉപഭോക്താക്കളെ ബോധവാന്‍മാരാക്കുന്ന യാതൊരു നീക്കവും കമ്ബനിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും ഇവര്‍ പറഞ്ഞു.

എന്നാല്‍ ജെ ആന്റ് ജെ കമ്ബനി ആരോപണങ്ങള്‍ നിഷേധിച്ചു. മികച്ച ടെസ്റ്റുകള്‍ നടത്തിയാണ് തങ്ങള്‍ ഉത്പന്നങ്ങള്‍ വിപണിയിലിറക്കുന്നത്. കേസില്‍ പറയുന്ന ക്യാന്‍സറിനു കാരണമായേക്കാവുന്ന ആസ്‌ബെസ്റ്റോസോ മറ്റ് ഘടകങ്ങളോ ഇതിലില്ലെന്നും കമ്ബനി പറഞ്ഞു.

മിസൗറി കോടതിയിലെ മൂന്ന് ജഡ്ജിമാര്‍ അടങ്ങിയ പാനലാണ് വിധി പ്രസ്താവിച്ചത്.