ആണ്‍കുട്ടിയോട് ഫോണില്‍ സംസാരിച്ചു: ജന്മദിനം ആഘോഷിക്കാനെത്തിയ മകളെ പിതാവ് കോടാലി കൊണ്ട് അടിച്ചുക്കൊന്നു

July 1, 2018 0 By Editor

ഹൈദരാബാദ്: ആണ്‍കുട്ടിയോടു ഫോണില്‍ സംസാരിച്ചതിന്റെ പേരില്‍ മകളെ പിതാവ് കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ തൊടാര്വുളളപാഡിലാണു സംഭവം. ഒരു സ്വകാര്യ കോളജില്‍ ഫാര്‍മസി വിദ്യാര്‍ഥിയായ ടി.ചന്ദ്രികയാണു ശനിയാഴ്ച രാവിലെ കൊല്ലപ്പെട്ടത്.

ഞായറാഴ്ച ജന്മദിനം ആഘോഷിക്കുന്നതിനായാണ് ചന്ദ്രിക വീട്ടിലെത്തിയത്. ഇതിനിടെ താന്‍ ഇഷ്ടപ്പെടുന്ന ചെറുപ്പക്കാരനെ വിവാഹം ചെയ്യണമെന്ന ആഗ്രഹം പെണ്‍കുട്ടി വീട്ടില്‍ വെളിപ്പെടുത്തി. എന്നാല്‍ ഈ ബന്ധം കുടുംബത്തിനു ചീത്തപ്പേരുണ്ടാക്കുമെന്നു പറഞ്ഞ് പെണ്‍കുട്ടിയെ പിന്തിരിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രമിച്ചു.

ശനിയാഴ്ച രാവിലെ പെണ്‍കുട്ടി ചെറുപ്പക്കാരനുമായി സംസാരിക്കുന്നത് പിതാവിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതേതുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയുടെ ഫോണ്‍ എറിഞ്ഞുടയ്ക്കുകയും മകളെ കോടാലിക്കൈക്ക് അടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. ചന്ദ്രികയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിതാവിനെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.