ഫെഡറന്‍ ഏവിയേഷന്‍ കമ്മിറ്റിയിലേക്ക് ഇന്ത്യന്‍ വംശജനായ വിവേക് ലാലും

July 5, 2018 0 By Editor

വാഷിംഗ്ടണ്‍ : സുപ്രധാന ഫെഡറന്‍ ഏവിയേഷന്‍ കമ്മിറ്റിയിലേക്ക് ഇന്ത്യന്‍ വംശജനായ വിവേക് ലാലിനെ നോമിനേറ്റ് ചെയ്തു. വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട ഭാവി കാര്യങ്ങളില്‍ ട്രംപ് ഭരണകൂടത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്ന കമ്മിറ്റിയാണിത്.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഷന്റെ അടുത്ത ജനറല്‍ അഡൈ്വസറി കമ്മിറ്റിയില്‍ ഡിഫന്‍സ് ടെക്‌നോളജി ഓര്‍ഗനൈസേഷനുകളെ പ്രതിനിധീകരിച്ച് ശിപാര്‍ശകള്‍ നല്‍കുന്നത് ഇപ്പോള്‍ ലോക്ഹീഡ് മാര്‍ട്ടിന്റെ വൈസ് പ്രസിഡന്റായ ലാല്‍ ആയിരിക്കും. നിക്ഷേപ മുന്‍ഗണനകള്‍, സ്‌പെസിഫിക് ടെക്‌നോളജീസ്, നാഷണല്‍ എയര്‍ സ്‌പേസ് ഫെര്‍ഫോമന്‍സ് മെട്രിക്‌സ്, എയര്‍ സ്‌പേസ് ഡിസൈന്‍ ഇനിഷ്യേറ്റീവ്‌സ് തുടങ്ങിയവ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കമ്മിറ്റി ഫെഡറല്‍ ഭരണകൂടത്തിന് ശിപാര്‍ശകള്‍ നല്‍കുന്നതാണ്.

49 കാരനായ ലാല്‍, ആഗോള തലത്തില്‍ പ്രശസ്തനായ എയ്‌റോ സ്‌പേസ് ശാസ്ത്രജ്ഞനാണ്. രണ്ടു വര്‍ഷമാണ് കമ്മിറ്റി കാലാവധി. അമേരിക്കയുടെ മാത്രമല്ല, ആഗോള വ്യോമയാന മേഖലയെ തന്നെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങളില്‍ മാര്‍ഗനിര്‍ദ്ദേങ്ങള്‍ നല്‍കുന്ന കമ്മിറ്റിയാണിത്. ബോയിംഗ്, ജനറല്‍ ആറ്റോമിക്‌സ് എന്നിവയില്‍ ലാല്‍ സുപ്രധാന ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 12 ബില്യണ്‍ ഡോളറിന്റെ യു.എസ് ഇന്ത്യ വ്യാപാര കരാര്‍ നടപ്പാക്കുന്നതിലും വലിയ പങ്ക് വഹിച്ചിരുന്നു.