മുതിര്‍ന്ന സി.പി.എം നേതാവ് ഡി ജയറാം അന്തരിച്ചു

ആറ്റിങ്ങല്‍: മുതിര്‍ന്ന സി.പി.എം നേതാവും ആറ്റിങ്ങല്‍ നഗരസഭാ മുന്‍ ചെയര്‍മാനുമായ ഡി ജയറാം അന്തരിച്ചു. 78 വയസായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 2.45 മണിയോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വവസതിയായ മാര്‍ക്കറ്റ് റോഡ് ലക്ഷ്മി വിലാസത്തില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. മൃതദേഹം ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ ആറ്റിങ്ങല്‍ നഗരസഭയിലും മൂന്നു മണിക്ക് ആറ്റിങ്ങല്‍ സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് അഞ്ചു മണിക്ക് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

ഭാര്യ: രാജലക്ഷ്മി, മക്കള്‍: അഡ്വ. സി.ജെ. രാജേഷ് കുമാര്‍ (മുന്‍ ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍മാന്‍, നിലവില്‍ കൗണ്‍സിലര്‍), സി.ജെ. ഗിരീഷ് കുമാര്‍. മരുമകള്‍: സ്മിത.

ആറ്റിങ്ങലിന്റെ വികസനത്തിന് താങ്ങും തണലുമായി നിന്ന കമ്യൂണിസ്റ്റ് നേതാവായിരുന്നു ഡി.ജയറാം. ആറ്റിങ്ങല്‍ ബോയ്‌സ് ഹൈസ്‌കൂളിലും നാലാഞ്ചിറ മാര്‍ ഇവാനിയോസ് കോളജിലുമായാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പഠനകാലഘട്ടത്തില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. തുടര്‍ന്ന് സി.പി.എമ്മില്‍ അംഗമായി.

ആറ്റിങ്ങലിലെ സാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു ഇദ്ദേഹം. 1988ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ എല്‍.ഡി.എഫ് അധികാരത്തിലെത്തിയപ്പോള്‍ ജയറാമായിരുന്നു നഗരസഭാ ചെയര്‍മാന്‍. തുടര്‍ന്ന് വന്ന തെരഞ്ഞെടുപ്പിലും തല്‍സ്ഥാനം അദ്ദേഹം തുടര്‍ന്നു. നീണ്ട ആറു വര്‍ഷം സി.പി.എം ആറ്റിങ്ങല്‍ ഏരിയാ കമ്മറ്റി സെക്രട്ടറിയായിരുന്നു.

സി.പി എം ജില്ലാ കമ്മിറ്റി അംഗം, ചെയര്‍മാന്‍ ചേമ്‌ബേഴ്‌സ് എക്‌സിക്യൂട്ടീവ് അംഗം, സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി, മോട്ടോര്‍ തൊഴിലാളി യൂണിയന്‍ നേതാവ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം നിരവധി തൊഴിലാളി സംഘടനകളുടെ നേതൃത്വം വഹിച്ചിരുന്നു. ആറ്റിങ്ങല്‍ ദേശാഭിമാനി തിയേറ്റേഴ്‌സിന്റെ സ്ഥാപകനും ആദ്യ സെക്രട്ടറിയുമാണ്. ആറ്റിങ്ങല്‍ മേഖലയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപടുക്കുന്നതിന് നേതൃത്വം നല്‍കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *