ഗെയില്‍ പദ്ധതി: കണ്ണൂരില്‍ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലേക്ക്

കണ്ണൂര്‍: ഗ്യാസ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന നിര്‍ദിഷ്ട കൊച്ചി-മംഗളൂരു പൈപ്പ് ലൈന്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ കണ്ണൂര്‍ ജില്ലയില്‍ അന്തിമഘട്ടത്തിലേക്ക്. തൃപ്പങ്ങോട്ടൂര്‍ വില്ലേജിലെ കടവത്തൂര്‍ മുതല്‍ പെരളം വില്ലേജിലെ പുത്തൂര്‍ വരെ 83 കിലോമീറ്റര്‍ നീളത്തിലാണ് ജില്ലയില്‍ ഗെയില്‍ പൈപ്പ് ലൈന്‍ കടന്നുപോകുന്നത്. ഇതില്‍ 68 കിലോമീറ്ററിലും പൈപ്പ് വിന്യാസം പൂര്‍ത്തിയായി. 64 കിലോമീറ്ററില്‍ പൈപ്പിന്റെ വെല്‍ഡിംഗ് പ്രവൃത്തികള്‍ കഴിഞ്ഞു. ഇതില്‍ 52 കിലോമീറ്റര്‍ പൈപ്പ് ഭൂമിക്കടിയിലേക്ക് താഴ്ത്തി. അന്തിമഘട്ട പരിശോധനയാണ് ഇവിടങ്ങളില്‍ ഇനി ബാക്കിയുള്ളത്.

കഴിഞ്ഞ ഓഗസ്റ്റിലാണ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തി ജില്ലയില്‍ ആരംഭിച്ചത്. ഇതിനകം മുഴുവന്‍ പ്രദേശങ്ങളിലെയും സര്‍വേ നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. 83 കിലോമീറ്റര്‍ നീളത്തില്‍ 20 മീറ്റര്‍ ഭൂമിയുടെ ഉപയോഗാവകാശമാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. ഇതില്‍ പൈപ്പിടല്‍ ജോലികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് 10 മീറ്റര്‍ ഉടമകള്‍ക്ക് തിരികെ നല്‍കും. ആദ്യഘട്ടത്തില്‍ ഏറ്റെടുക്കുന്ന 20 മീറ്റര്‍ ഭൂമിയിലെയും വിളകള്‍ക്കുള്ള നഷ്ടപരിഹാരത്തുക ഇനത്തില്‍ 38 കോടി ഇതിനകം വിതരണം ചെയ്തു. പൈപ്പ് സ്ഥാപിക്കുന്ന 10 മീറ്റര്‍ ഭൂമിക്കുള്ള നഷ്ടപരിഹാരത്തുക കണക്കാക്കുന്നതിനുള്ള പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.

ജില്ലയില്‍ അഞ്ച് പുഴകളിലൂടെയും പൈപ്പ് ലൈന്‍ കടന്നുപോകുന്നുണ്ട്. കുപ്പം പുഴയിലൂടെ പൈപ്പ് ഇടുന്ന ജോലി പൂര്‍ത്തിയായി. പെരുന്പ, അഞ്ചരക്കണ്ടി, എരഞ്ഞോളി, വളപട്ടണം എന്നീ പുഴകളിലെ പ്രവൃത്തി വിവിധഘട്ടങ്ങളിലാണ്. പുഴയുടെ അടിത്തട്ടില്‍നിന്നും 10 മീറ്റര്‍ താഴ്ചയിലാണ് പൈപ്പുകള്‍ കടന്നുപോകുന്നത്. ഹൊറിസോണ്ടല്‍ ഡയറക്ഷണല്‍ ഡ്രില്ലിംഗ് (എച്ച്ഡിഡി) മെഷീന്‍ ഉപയോഗിച്ചാണ് പുഴയിലൂടെ പൈപ്പിടുന്നത്. വളപട്ടണം പുഴയിലെ പൈപ്പിടല്‍ പ്രവൃത്തി അടുത്തയാഴ്ച തുടങ്ങും. ഉന്നതനിലവാരമുള്ള ക്ലാസ് 4 പൈപ്പുകളാണ് ഗെയില്‍ പദ്ധതിക്കായി ഉപയോഗിക്കുന്നത്.

കുറുമാത്തൂരില്‍ ഒന്നര ഏക്കര്‍ സ്ഥലത്ത് സ്ഥാപിക്കുന്ന ഐപി (ഇന്റര്‍മീഡിയറ്റ് പിഗിംഗ്) സ്റ്റേഷന്റെ നിര്‍മാണം 50 ശതമാനത്തിലേറെ പൂര്‍ത്തിയായി. ജില്ലയില്‍ ഒന്ന് എന്ന തോതിലാണ് ഈ സുരക്ഷാ സ്റ്റേഷന്‍ സ്ഥാപിക്കുന്നത്. 50 സെന്റ് വീതം സ്ഥലത്ത് അഞ്ചിടങ്ങളില്‍ സ്ഥാപിക്കുന്ന എസ്വി (സെക്ഷന്‍ വാല്‍വ്) സ്റ്റേഷനുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായിവരുന്നു. ഇവയ്ക്കാവശ്യമായ സ്ഥലമെടുപ്പ് നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു. വ്യാവസായികഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി പ്രധാന ലൈനില്‍നിന്ന് ഗ്യാസ് എടുത്ത് വിതരണം ചെയ്യുന്ന കേന്ദ്രങ്ങളാണ് എസ്വി സ്റ്റേഷനുകള്‍.

പ്രകൃതിവാതകം ഉപയോഗിച്ചുള്ള വാഹനഗതാഗതം ഇതിനകം കൊച്ചിയില്‍ തുടങ്ങിക്കഴിഞ്ഞു. ഇവിടെ സിഎന്‍ജി പന്പ് സ്റ്റേഷനില്‍നിന്ന് മുന്നൂറിലേറെ ഓട്ടോകളും കെഎസ്ആര്‍ടിസി ബസുകളും ഗ്യാസ് നിറയ്ക്കുന്നുണ്ട്. 47 രൂപ ചെലവ് വരുന്ന ഒരു കിലോ സിഎന്‍ജി ഉപയോഗിച്ച് ഓട്ടോയ്ക്ക് 40 കിലോമീറ്ററിനു മുകളില്‍ യാത്ര ചെയ്യാനാവും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഇത്തരം പന്പുകള്‍ എല്ലാ ജില്ലകളിലും സ്ഥാപിക്കുമെന്ന് ഗെയിലിന്റെ കണ്ണൂര്‍ സെക്ഷന്‍ മാനേജര്‍ (കണ്‌സ്ട്രക്്ഷന്‍) പി.ഡി. അനില്‍കുമാര്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *