കുമ്പസാര രഹസ്യം അങ്ങാടിപ്പാട്ടായി: യുവതി ആത്മഹത്യ ചെയ്തു

July 6, 2018 0 By Editor

കോട്ടയം: കുമ്ബസാര രഹസ്യം വൈദികന്‍ മറ്റൊരു സ്ത്രീയോട് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവം അന്വേഷണത്തിലേക്ക്. അടുത്തിടെ കുമ്ബസരിച്ച യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്ത് നാലു വൈദികര്‍ പീഡിപ്പിച്ച സംഭവം പുറത്തായതിന് പിന്നാലെയാണ് സഭാനേതൃത്വം പൂഴ്ത്തിവച്ച ഈ കേസ് മൂന്നു വര്‍ഷത്തിനുശേഷം ഇപ്പോള്‍ പുറത്തുവരുന്നത്.

മൂന്നുവര്‍ഷം മുമ്ബ് നടന്ന ഈ സംഭവത്തില്‍ ചെങ്ങന്നൂര്‍ കോടിയാട്ട് കടവില്‍ സ്വദേശിയായ യുവതി കുമ്ബസാരത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വികാരി മറ്റൊരു സ്ത്രീയോട് പറയുകയായിരുന്നു. തുടര്‍ന്ന് പള്ളികമ്മിറ്റിയില്‍ ഈ സ്ത്രീ പരസ്യമായി കുമ്ബസരിച്ച യുവതിയെ ആക്ഷേപിച്ചു. ഇതോടെ മാനസികമായി തളര്‍ന്ന യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. കുമ്ബസാരിപ്പിച്ച വൈദികന്റെയും സ്ത്രീയുടെയും പേരു പറയുന്ന ആത്മഹത്യാക്കുറിപ്പും എഴുതിവെച്ചിരുന്നു.

‘എന്റെ മരണത്തിനു കാരണം വൈദികനും ഈ സ്ത്രീയുമാണ്. അവരെ അറസ്റ്റ് ചെയ്യണം. എന്നെ അപമാനിച്ചു, എനിക്ക് മനോവിഷമം ഉണ്ടായി. ദയവുചെയ്ത് ഇവരെ വെറുതെ വിടരുത്. പള്ളിയില്‍ ഈ അച്ചന്‍ വന്നാണ് ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. അച്ചന്‍ ഞങ്ങളെ അപമാനിച്ചു. അതുകൊണ്ട് അച്ചനെയും അറസ്റ്റ് ചെയ്യണം’. ഇതായിരുന്നു ആത്മഹത്യാക്കുറിപ്പ്.

2015 ഒക്ടോബര്‍ 21നാണ് സംഭവം ഉണ്ടായത്. തേക്കുങ്കല്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ഇടവകാംഗമായിരുന്നു യുവതി.

ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇടവകാംഗം സഭാനേതൃത്വത്തിന് പരാതി നല്കിയിരുന്നു. എന്നാല്‍ സഭാനേതൃത്വം ഈ സംഭവം നിസാരവത്ക്കരിക്കുകയായിരുന്നു. തുടര്‍ന്ന് കോയിപ്രം പോലീസില്‍ പരാതി നല്കിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഈ മരണക്കുറിപ്പ് തന്റെ കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു.

കോയിപ്രം പോലീസ് ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചിരുന്നുവെങ്കിലും സഭാനേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് അന്വേഷണം പാതിവഴിയില്‍ നിര്‍ത്തുകയായിരുന്നുവെന്നും ആരോപണം ഉയര്‍ന്നു. സഭാനേതൃത്വത്തിന് പരാതി നല്കിയ വ്യക്തിയെ പത്തു വര്‍ഷത്തേക്ക് ഇടവകചുമതലകളില്‍ നിന്നും വിലക്കി.

മരണപ്പെട്ട യുവതിയുടെ ഭര്‍ത്താവും പരാതിക്കാരനും ഉള്‍പ്പെടുന്ന ഇടവകാംഗങ്ങള്‍ ആത്മഹത്യാക്കുറുപ്പിന്റെ ആധികാരികത പരിശോധിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്കിയിരുന്നു. എന്നാല്‍ യാതൊരു നടപടിയുമുണ്ടായില്ല.

അതേസമയം യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വൈദികന് പങ്കുള്ളതായി അറിഞ്ഞിട്ടില്ലെന്നും ഇതുസംബന്ധിച്ച് പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നും ആക്ഷേപം പരിശോധിക്കുമെന്നും ഓര്‍ത്തഡോക്‌സ് സഭ വൈദിക ട്രസ്റ്റി ഫാ.എം.ഒ.ജോണ്‍ വ്യക്തമാക്കി.