ജയില്‍ ഭക്ഷണങ്ങള്‍ക്ക് വില കൂടും

July 7, 2018 0 By Editor

തിരുവനന്തപുരം: സാധാരണക്കാര്‍ക്ക് ഒരു നേരത്തെ ഭക്ഷണത്തിന് പോക്കറ്റ് ചോരാതെ ലഭ്യമായിരുന്ന ജയില്‍ വകുപ്പിന്റെ ഭക്ഷണ സാധനങ്ങള്‍ക്ക് വില കൂട്ടാനൊരുങ്ങുന്നു. ചപ്പാത്തിക്കും ചിക്കനും അടക്കം എത്ര രൂപ കൂട്ടണമെന്നത് സംബന്ധിച്ച് വൈകാതെ തീരുമാനമുണ്ടായേക്കും. ഇതേക്കുറിച്ച് നിര്‍ദേശം സമര്‍പ്പിക്കാന്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്ക് അറിയിപ്പ് നല്‍കി. ഇവരുടെ നിര്‍ദ്ദേശം ലഭിച്ചശേഷം അന്തിമ തീരുമാനമുണ്ടാകും. മേഖലാ ഡിഐജി മാരോടും നിര്‍ദ്ദേശം തേടിയിട്ടുണ്ട്. എല്ലാവരില്‍ നിന്നും മറുപടി ലഭിച്ചിട്ടില്ല. ചിലരുടെ മറുപടികളില്‍ പ്രകടമായ വ്യത്യാസമുണ്ട്. നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി ലഭിച്ച ശേഷം ക്രോഡീകരിച്ച് നിലവിലെ ലാഭ നഷ്ടക്കണക്കുകള്‍ തയ്യാറാക്കും. അതിനുശേഷമാകും പുതിയ വില നിശ്ചയിക്കുക. സര്‍ക്കാരിന്റെ അനുമതിയോടെയാകും വില കൂട്ടുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

തടവുകാരുടെ വേതനം വര്‍ദ്ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വില കൂട്ടുന്നതിലൂടെ ജയില്‍ വകുപ്പ് ലക്ഷ്യമിടുന്നുണ്ടെന്നാണ് സൂചന. വില ഉയര്‍ത്തുന്നതിലൂടെ കൂടുതല്‍ വരുമാനം നേടാനും അതുവഴി തടവുകാര്‍ക്ക് കൂടുതല്‍ വേതനം നല്‍കാന്‍ സാധിക്കുമെന്നുമാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ജയില്‍ വകുപ്പിന്റെ ഫുഡ് ഫോര്‍ ഫ്രീഡം സ്റ്റാളുകള്‍, ഭക്ഷണശാല, മൊബൈല്‍ വാനുകള്‍ എന്നിവ വഴിയാണ് ഭക്ഷണങ്ങളുടെ വില്‍പ്പന നടത്തുന്നത്. ജയിലുകളില്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്ന ബേക്കറി ഉത്പന്നങ്ങളുടെ വിലയും കൂട്ടും. ചിപ്‌സ്, അച്ചപ്പം, പക്കാവട, ഐസ്‌ക്രീം തുടങ്ങിയവ ചില ജയിലുകളില്‍ നിന്ന് വില്‍പ്പന നടത്തുന്നുണ്ട്. അതേസമയം ജയില്‍ ഭക്ഷണങ്ങള്‍ക്ക് വില പുതുക്കുന്നത് സംബന്ധിച്ച് തനിക്ക് അറിവില്ലെന്നാണ് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ജയില് ഡി.ജി.പി ആര്‍. ശ്രീലേഖ പ്രതികരിച്ചത്.

നിലവിലെ വില
ചപ്പാത്തി (5 എണ്ണം) 10 രൂപ
ചപ്പാത്തി, ചിക്കന്‍കറി 30
ചപ്പാത്തി, വെജി. കറി 20
ചപ്പാത്തി, മുട്ടക്കറി 22
ഇഡ്ഡലി, സാമ്ബാര്‍, ചമ്മന്തി 20
ചില്ലി ചിക്കന്‍ 40
ചിക്കന്‍ പെരട്ട് 60
ചിക്കന്‍ ഫ്രൈ 60
ചിക്കന്‍ തോരന്‍ 50
ചിക്കന്‍ ചാപ്‌സ് 50
ചിക്കന്‍ ബിരിയാണി 60
ബീഫ് ബിരിയാണി 60
നെയ്യ് ചോറ് 50
ബീഫ് റോസ്റ്റ് 60
കപ്പ, മീന്‍ കറി 40
കപ്പ, ചമ്മന്തി 20