അധ്യാപികമാര്‍ക്ക് യോജിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാം, സാരി നിര്‍ബന്ധിക്കരുത്

July 7, 2018 0 By Editor

ഗാന്ധിനഗര്‍: അധ്യാപികമാര്‍ സ്‌കൂളുകളില്‍ സാരി മാത്രമേ ധരിക്കാവൂവെന്ന് നിര്‍ബന്ധിക്കരുതെന്ന് ഗുജറാത്ത് സര്‍ക്കാര്‍. അധ്യാപകര്‍ സാരി ധരിക്കണമെന്ന സര്‍ക്കുലര്‍ വിവാദമായതിന് പിന്നാലെയാണ് ഗുജറാത്ത് സര്‍ക്കാരിന്റെ വിശദീകരണം. തങ്ങള്‍ക്ക് യോജിക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച് അധ്യാപികമാര്‍ക്ക് സ്‌കൂളില്‍ വരാമെന്നും പുതുക്കിയ ഉത്തരവില്‍ പറയുന്നു.

പ്രത്യേക വസ്ത്ര ധാരണ രീതി നിര്‍ബന്ധമാക്കുന്നതിനെതിരെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. വ്യക്തികള്‍ക്ക് അവരുടെ വസ്ത്രം തിരഞ്ഞെടുക്കുന്നതില്‍ സ്വാതന്ത്ര്യമുണ്ടെന്നും സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ ഹനിക്കുന്നത് ഭരണഘടനാ ലംഘനമാണെന്നും സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് പുതിയ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.

ദൂരസ്ഥലങ്ങളിലുള്ള സ്‌കൂളുകളില്‍ പഠിപ്പിക്കാനെത്തുന്ന അധ്യാപികമാര്‍ക്ക് സാരി ധരിച്ചുള്ള യാത്ര ദുഷ്‌കരമാണ്. ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സാരിയുടുക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്നും ഉടുത്തില്ലെങ്കില്‍ ശമ്പളം കുറയ്ക്കുമെന്ന് ഭീഷണിപ്പെടത്തുന്നുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. കേരളത്തില്‍ പ്രൊഫഷണല്‍ കോളജുകളിലെ അധ്യാപകര്‍ക്ക് സാരി നിര്‍ബന്ധമാക്കിയ നടപടിയെ ചോദ്യം ചെയ്ത് വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു.