തുര്‍ക്കി ആദ്യ എക്‌സിക്യൂട്ടീവ് പ്രസിഡന്റായി റജബ് തയ്യിബ് ഉര്‍ദുഗാന്‍ അധികാരമേറ്റു

July 10, 2018 0 By Editor

അങ്കാറ: കൂടുതല്‍ അധികാരത്തോടെ തുര്‍ക്കിയുടെ ആദ്യ എക്‌സിക്യൂട്ടീവ് പ്രസിഡന്റായി റജബ് തയ്യിബ് ഉര്‍ദുഗാന്‍ അധികാരമേറ്റു. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതോടെ പാര്‍ലമെന്ററി സമ്ബ്രദായത്തില്‍ നിന്ന് പ്രസിഡന്‍ഷ്യല്‍ ഭരണത്തിലേക്കുള്ള തുര്‍ക്കിയുടെ മാറ്റം യാഥാര്‍ഥ്യമായി. ഭരണരീതി മാറ്റിക്കൊണ്ടുള്ള ഭരണഘടനാ ഭേദഗതിക്ക് കഴിഞ്ഞ വര്‍ഷം നടന്ന ഹിതപ്പരിശോധനയിലൂടെ അംഗീകാരം ലഭിച്ചിരുന്നു.

സത്യപ്രതിജ്ഞാ ചടങ്ങില്‍ റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ് വെദേവ്, വെനിസ്വേലന്‍ പ്രസിഡന്റ് നിക്കൊളാസ് മദുറോ, ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു. പുതിയ ഭരണഘടനാ ഭേദഗതി പ്രകാരം വൈസ് പ്രസിഡന്റ്, മന്ത്രിമാര്‍, മുതിര്‍ന്ന ജഡ്ജിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ പാര്‍ലമെന്റിന്റെ അംഗീകാരമില്ലാതെ തന്നെ നിയമിക്കാന്‍ പ്രസിഡന്റിന് അധികാരമുണ്ടായിരിക്കും. പാര്‍ലമെന്റ് പിരിച്ചുവിടാനും എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ ഇറക്കാനും അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുമുള്ള അധികാരവും പ്രസിഡന്റിനുണ്ട്.

ജൂണ്‍ 24ന് നടന്ന തെരഞ്ഞെടുപ്പില്‍ 52.5 ശമതാനം വോട്ടുകള്‍ നേടി വിജയിച്ച 64കാരനായ ഉര്‍ദുഗാന്‍ അദ്ദേഹത്തിന്റെ മന്ത്രിസഭയെ ഉടന്‍ പ്രഖ്യാപിക്കും. തന്റെ കക്ഷിയായ എ.കെ പാര്‍ട്ടിയിലെ നേതാക്കളോ പാര്‍ലമെന്റ് അംഗങ്ങളോ മന്ത്രിസഭയിലുണ്ടാവില്ലെന്ന് നേരത്തേ ഉര്‍ദുഗാന്‍ വ്യക്തമാക്കിയിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടൊപ്പം നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എ.കെ പാര്‍ട്ടി 42.5 ശതമാനം വോട്ടുകള്‍ നേടി ഒന്നാമതെത്തിയിരുന്നു. സഖ്യകക്ഷിയായ നാഷനല്‍ മൂവ്‌മെന്റ് പാര്‍ട്ടി 11.1 ശതമാനം വോട്ടും നേടിയതോടെ പാര്‍ലമെന്റിലും മേല്‍ക്കൈ നേടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. 600 അംഗ പാര്‍ലമെന്റ് കഴിഞ്ഞ ദിവസമാണ് സത്യപ്രതിജ്ഞ ചെയ്തത്.

പ്രധാനമന്ത്രിയായും പ്രസിഡന്റായും 15 വര്‍ഷത്തിലേറെയായി തുര്‍ക്കിയില്‍ അധികാരത്തിലിരിക്കുന്ന ഉര്‍ദുഗാന്‍ തന്റെ എക്‌സിക്യൂട്ടീവ് പ്രസിഡന്റ് സ്ഥാപനം രാജ്യത്തിന്റെ സുസ്ഥിരതയ്ക്ക് സഹായകമാവുമെന്ന് അഭിപ്രായപ്പെടുകയുണ്ടായി. എന്നാല്‍ അമിതാധികാരത്തോടെയുള്ള ഒറ്റയാള്‍ ഭരണമാണ് തുര്‍ക്കിയില്‍ നടക്കാന്‍ പോകുന്നതെന്നാണ് പ്രതിപക്ഷത്തിന്റെയും പടിഞ്ഞാറന്‍ രാജ്യങ്ങളുടെയും വിമര്‍ശനം.