‘റേപ്പിസ്ഥാന്‍’ ട്വീറ്റ്: സര്‍വീസ് ചട്ടം ലഘിച്ച ഐ.എ.എസ് ഓഫീസര്‍ക്കെതിരെ നടപടി

July 11, 2018 0 By Editor

ശ്രീനഗര്‍: രാജ്യത്തെ പീഡനങ്ങളേയും മാനഭംഗങ്ങളേയും ഉദ്ദേശിച്ച് ‘റേപ്പിസ്ഥാന്‍’ എന്ന് ട്വീറ്റ് ചെയ്ത വിവാദത്തിലായ കാശ്മീരിലെ ഐ.എ.എസ് ഓഫീസര്‍ക്കെതിരെ നടപടി എടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ജമ്മുകാശ്മീര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 2009ലെ ഐ.എ.എസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഷാ ഫൈസലിനെതിരെയാണ് സര്‍വീസ് ചട്ടം ലഘിച്ചതിന് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഗുജറാത്തില്‍ അശ്ലീല ചിത്രത്തിന് അടിമയായയാള്‍ 46 കാരിയെ മാനഭംഗം ചെയ്ത വാര്‍ത്തയെ അടിസ്ഥാനമാക്കി ഏപ്രില്‍ 22നാണ് ഷാ ട്വീറ്റ് ചെയ്തത്. ‘ഗോത്ര ഭരണ വ്യവസ്ഥ + ജനസംഖ്യ + നിരക്ഷരത +മദ്യം+അശ്ലീല ചിത്രങ്ങള്‍+സാങ്കേതികവിദ്യ + അരാജകത്വം= റേപ്പിസ്ഥാന്‍’ എന്നായിരുന്നു ഷായുടെ ട്വീറ്റ്.

ട്വീറ്റ് വിവാദമായതോടെ ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തില്‍ സത്യസന്ധത പുലര്‍ത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി ജമ്മു കാശ്മീര്‍ സര്‍ക്കാരിന്റെ പൊതുഭരണ വിഭാഗം ഫൈസലിന് നോട്ടീസ് നല്‍കി. ഫൈസലിന്റെ ട്വീറ്റ് സിവില്‍ സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നുള്ള കേന്ദ്രത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ഇത്.

കാശ്മീരിലെ വൈദ്യുതി വികസന മന്ത്രാലയം എം.ഡിയായിരുന്ന ഷാ ഫൈസല്‍ ഇപ്പോള്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ഉപരിപഠനം നടത്തുകയാണ്.