ദിവ്യ എസ്. അയ്യര്‍ പതിച്ച് നല്‍കിയത് സര്‍ക്കാര്‍ ഭൂമി: കളക്ടറുടെ റിപ്പോര്‍ട്ട് പുറത്ത്

ദിവ്യ എസ്. അയ്യര്‍ പതിച്ച് നല്‍കിയത് സര്‍ക്കാര്‍ ഭൂമി: കളക്ടറുടെ റിപ്പോര്‍ട്ട് പുറത്ത്

July 12, 2018 0 By Editor

തിരുവനന്തപുരം: വര്‍ക്കലയില്‍ മുന്‍ തിരുവനന്തപുരം സബ് കളക്ടറും ശബരീനാഥ് എംഎല്‍എയുടെ ഭാര്യയുമായ ദിവ്യ എസ്. അയ്യര്‍ സ്വകാര്യ വ്യക്തിക്ക് കൈമാറിയത് സര്‍ക്കാര്‍ ഭൂമി തന്നെയെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച കളക്ടര്‍ ഡോ.വാസുകിയുടെ ഉത്തരവ് അടുത്ത തിങ്കളാഴ്ച്ച പുറത്തിറങ്ങും. ദിവ്യ എസ് അയ്യര്‍ക്കെതിരെ വകുപ്പ്തല നടപടിക്കും സാധ്യതയുണ്ട്.

വര്‍ക്കല ഇലകമണ്‍ പഞ്ചായത്തിലെ അയിരൂര്‍ വില്ലേജില്‍ വില്ലിക്കടവ് പാരിപ്പള്ളിവര്‍ക്കല സംസ്ഥാനപാതയോട് ചേര്‍ന്ന് 27 സെന്റ് സ്ഥലമാണ് ദിവ്യ എസ് അയ്യര്‍ സ്വകാര്യ വ്യക്തിക്ക് കൈമാറിയത്. ദേശാഭിമാനി വാര്‍ത്തയുടെയും വി ജോയി എംഎല്‍എയുടെ പരാതിയുടെയും അടിസ്ഥാനത്തില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനാണ് ഭൂമി കൈമാറ്റം സ്റ്റേ ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടത്.

ഭൂമി ലഭിച്ച അയിരൂര്‍ പുന്നവിള വീട്ടില്‍ ലിജി തിരുവനന്തപുരത്തെ ഡിസിസി അംഗത്തിന്റെ അടുത്ത ബന്ധുവാണ്. ഈ ഡിസിസി അംഗമാകട്ടെ സബ് കളക്ടറുടെ ഭര്‍ത്താവായ കെ എസ് ശബരീനാഥ് എംഎല്‍എയുടെ അടുത്തയാളും. ശബരിനാഥിന്റെ പിതാവും സ്പീക്കറുമായിരുന്ന അന്തരിച്ച ജി കാര്‍ത്തികേയന്റെ ഗണ്‍മാനായിരുന്ന ഡീനിനും ഭൂമിലിച്ച കൂടുംബവുമായി അടുത്ത ബന്ധമുണ്ട്.

സ്വകാര്യവ്യക്തി വര്‍ഷങ്ങളായ അനിധികൃതമായി കൈവശം വെച്ച ഈ ഭൂമി ഏറ്റെടുക്കണമെന്ന് ഇലകമണ്‍ പഞ്ചായത്ത് ഭരണസമിതിയും വിവിധ സംഘടനകളും മുമ്ബ് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് വര്‍ക്കല തഹസില്‍ദാര്‍ അന്വേഷണം നടത്തി 2017ല്‍ ഭൂമി പിടിച്ചെടുത്തത്. ഈ ഭൂമിയാണ് സബ് കളക്ടര്‍ പതിച്ചു നല്‍കിയത് .

ഇതിനെതിരെ ലിജി ഹൈക്കോടതിയെ സമീപിച്ചു. കേസിന്റെ ആദ്യഘട്ടത്തില്‍ ദിവ്യ എസ് അയ്യര്‍ കക്ഷിയായിരുന്നില്ല. എന്നാല്‍ ഉന്നതല സ്വാധീനത്താല്‍ പിന്നീട് ആര്‍ഡിഒ കൂടിയായ ഇവരെ ആറാം എതിര്‍ കക്ഷിയായി ഉള്‍പ്പെടുത്തി. വാദിയെ നേരില്‍ കേട്ട് തീരുമാനമെടുക്കാന്‍ ആര്‍ഡിഒയെ കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31ന് ഹൈക്കോടതി ചുമലപ്പെടുത്തി. ഈ ഉത്തരവിന്റെ മറവിലാണ് ദിവ്യ ഭൂമി ദാനം ചെയ്തത്. കേസില്‍ കക്ഷികളായ, പഞ്ചായത്ത്, വില്ലേജ്, റവന്യൂ അധികൃതരെ അറിയിക്കാതെ അതീവ രഹസ്യമായാണ് ദിവ്യ എസ് അയ്യര്‍ ഹിയറിങ് നടത്തിയത്.