ലോകത്തിലെ ഏറ്റവും നീളം കൂടിയ നഖത്തിനുടമ 66 വര്‍ഷങ്ങള്‍ക്ക് ശേഷം നഖം വെട്ടി 

July 12, 2018 0 By Editor
പൂനെ:  ഒടുവില്‍ അയാള്‍ നഖം വെട്ടി, നീണ്ട 66 വര്‍ഷങ്ങള്‍ക്ക് ശേഷം. ലോകത്തിലെ ഏറ്റവും നീളം കൂടിയ നഖത്തിനുടമയായി ഗിന്നസ് ബുക്കില്‍ ഇടം നേടിയ പൂനെക്കാരനായ ശ്രീധര്‍ ചില്ലാല്‍ ആണ് 66 വര്‍ഷങ്ങള്‍കൊണ്ട് വളര്‍ത്തിയെടുത്ത ഇടതു കൈയ്യിലെ നഖങ്ങള്‍ വെട്ടി മാറ്റിയത്. ഇപ്പോള്‍ 82വയസുള്ള ശ്രീധര്‍ ചില്ലാല്‍ 1952ല്‍ തന്റെ 14ാം വയസിലാണ് നഖം നീട്ടി വളര്‍ത്താന്‍ തുടങ്ങിയത്.
909.6 സെന്റി മീറ്റായിരുന്നു നഖത്തിന്റെ നീളം. തള്ള വിരലിലെ നഖത്തിനായിരുന്നു ഏറ്റവും നീളം. 197.8 സെന്റി മീറ്റര്‍. ചൂണ്ടു വിരലിലെ നഖത്തിന് 164.5 സെന്റി മീറ്റര്‍, നടുവിരലില്‍ 186.6 സെന്റി മീറ്റര്‍, മോതിര വിരലില്‍ 181.6 സെന്റി മീറ്റര്‍, ചെറുവിരലില്‍ 179.1 സെന്റി മീറ്റര്‍ എന്നിങ്ങനെയാണ് നഖത്തിന്റെ നീളം.
2015ലാണ് ഒറ്റകൈയ്യില്‍ ഏറ്റവും നീളം കൂടിയ നഖത്തിനുടമയെന്ന ഗിന്നസ് റെക്കോര്‍ഡ് ശ്രീധര്‍ ചില്ലാലിനെ തേടിയെത്തിയത്. വെട്ടി മാറ്റിയ നഖങ്ങള്‍ ഇനി ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറിലെ റിപ്ലിയുടെ പ്രശസ്തമായ ‘ബിലീവ്‌സ് ഇറ്റ് ഓര്‍ നോട്ട്’ എന്ന മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും.