പൊലീസ് ഡ്രൈവറെ മര്‍ദിച്ചെന്ന പരാതിയില്‍ എ.ഡി.ജി.പിയുടെ മകള്‍ക്കെതിരെയുള്ള കേസ് റദ്ദാക്കേണ്ട: ഹൈക്കോടതി

പൊലീസ് ഡ്രൈവറെ മര്‍ദിച്ചെന്ന പരാതിയില്‍ എ.ഡി.ജി.പിയുടെ മകള്‍ക്കെതിരെയുള്ള കേസ് റദ്ദാക്കേണ്ട: ഹൈക്കോടതി

July 12, 2018 0 By Editor

കൊച്ചി: പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ചെന്ന പരാതിയില്‍ എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ദ്ധയ്‌ക്കെതിരായ കേസ് റദ്ദാക്കേണ്ടെന്ന് ഹൈക്കോടതി. എ.ഡി.ജി.പിയുടെ മകളായതു കൊണ്ട് കേസ് വേണ്ടെന്നാണോ പറയുന്നതെന്നും കോടതി ചോദിച്ചു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്‌നിഗ്ദ്ധ നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ ഈ ചോദ്യം.

സ്‌നിഗ്ദ്ധയ്‌ക്കെതിരായ കേസ് റദ്ദാക്കേണ്ട സാഹചര്യം എന്താണെന്ന് അഭിഭാഷകനോട് ചോദിച്ചു. എല്ലാവര്‍ക്കും നിയമം ഒരുപോലെ ബാധകമാണ്. ഇക്കാര്യത്തില്‍ പൊലീസ് അന്വേഷിച്ച് വസ്തുതകള്‍ കണ്ടെത്തുന്നതാണ് ഉചിതം. വൈദ്യപരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം ഒരു കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാരും കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ ഈ നിലപാടല്ല സര്‍ക്കാരിന് ഗവാസ്‌കറുടെ കേസിലുള്ളതെന്ന് സ്‌നിഗ്ദ്ധയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഒരേ സംഭവത്തിലെ രണ്ട് കേസില്‍ എങ്ങനെ വ്യത്യസ്ത നിലപാട് സ്വീകരിക്കാന്‍ കഴിയുമെന്നും അഭിഭാഷകന്‍ ചോദിച്ചു.

അതേസമയം, സ്‌നിഗ്ദ്ധയുടെ ഹര്‍ജിയും തനിക്കെതിരെ കേസെടുത്തത് റദ്ദാക്കണമെന്ന ഗവാസ്‌കറുടെ ഹര്‍ജിയും ഒരുമിച്ച് കേള്‍ക്കുന്നതിന് പുതിയ ബെഞ്ച് വേണമോയെന്ന കാര്യലും കോടതി പരിശോധിക്കും. ഇക്കാര്യം തീരുമാനിക്കാനായി ചീഫ് ജസ്റ്റിസിന്റെ അഭിപ്രായം തേടും. അതേസമയം കേസ് ഡയറിയും ഗവാസ്‌കറുടെ മെഡിക്കല്‍ രേഖകളും പൊലീസ് കോടതിയില്‍ ഹാജരാക്കി.