പ്രധാനമന്ത്രിയെ കാണാന്‍ പിണറായി വിജയന്‍ അനുമതി: ജുലൈ 19ന് കൂടിക്കാഴ്ച്ച

July 13, 2018 0 By Editor

തിരുവനന്തപുരം: പ്രതിഷേധങ്ങളും കോലാഹലങ്ങളും ഫലം കണ്ടു. ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സംഘത്തിനും അനുമതി ലഭിച്ചു. ജുലൈ 19ന് പ്രധാനമന്ത്രിയെ കണ്ട് ചര്‍ച്ച നടത്താമെന്ന് കാട്ടിയുള്ള അറിയിപ്പ് മുഖ്യമന്ത്രിയുടെ ഓഫിസിന് ലഭിച്ചു. ഭക്ഷ്യസുരക്ഷ, കോച്ച് ഫാക്ടറി ഉള്‍പ്പെടെയുള്ള വിഷയങ്ങളാകും ചര്‍ച്ചയാകുക.

കേരളത്തിനുള്ള റേഷന്‍ വിഹിതം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രിയെ കാണാന്‍ ജൂണില്‍ അനുമതി തേടിയ മുഖ്യമന്ത്രിയുടെ അപേക്ഷ പ്രധാനമന്ത്രിയുടെ ഓഫിസ് തള്ളിയിരുന്നു. പല സന്ദര്‍ഭങ്ങളിലായി നാലു തവണ മുഖ്യമന്ത്രിക്കു സന്ദര്‍ശനാനുമതി നിഷേധിക്കപ്പെട്ടിരുന്നു. ഇതു വലിയ പ്രതിഷേധത്തിനു വഴിവെച്ചു.

നോട്ടുനിരോധനത്തിനു പിന്നാലെ സഹകരണ ബാങ്കുകളിലുണ്ടായ പ്രതിസന്ധി ബോധ്യപ്പെടുത്താന്‍ 2016 ലും വരള്‍ച്ചാ സഹായം തേടി 2017 ലും സന്ദര്‍ശനാനുമതി തേടിയപ്പോഴും അനുകൂല പ്രതികരണമുണ്ടായിരുന്നില്ല.