പിറ്റ്ബുള്ളുമായെത്തി പോലീസ് സ്റ്റേഷനിൽ പരാക്രമം; പ്രതി റിമാൻഡിൽ

പിറ്റ്ബുള്ളുമായെത്തി പോലീസ് സ്റ്റേഷനിൽ പരാക്രമം; പ്രതി റിമാൻഡിൽ

August 23, 2022 0 By Editor

ഗുരുവായൂർ: പിറ്റ്ബ‍ുൾ ഇനത്തിൽപ്പെട്ട വളർത്തുനായയുമായി പൊലീസ് സ്റ്റേഷനിലെത്തിയയാൾ രണ്ടര മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. എസ്ഐയെ ചവിട്ടിവീഴ്ത്തി. വാഹനമോടിച്ചു കയറ്റി എസ്ഐയെ അപായപ്പെടുത്താനും ശ്രമിച്ചു. സ്റ്റേഷന്റെ ഗേറ്റ് തല്ലിത്തകർക്കുകയും കൊലവിളി മുഴക്കുകയും ചെയ്തു. ഒടുവിൽ ബലപ്രയോഗത്തിലൂടെയാണ് അക്രമിയെ പൊലീസ് കീഴ്‌പ്പെടുത്തിയത്. കൂനംമൂച്ചി തരകൻമേലെയിൽ വിൻസൻ (മണ്ടേല – 50) ആണ് അറസ്റ്റിലായത്.

കണ്ടാണശേരിയിൽ പ്രവർത്തിക്കുന്ന ഗുരുവായൂർ പൊലീസ് സ്റ്റേഷനിൽ ഇന്നലെ ഉച്ചയ്ക്കാണു സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങൾ അരങ്ങേറിയത്. വിൻസൻ നിരന്തരം വധഭീഷണി മുഴക്കുന്നുവെന്നുകാട്ടി കൂനംമൂച്ചി മണപ്പറമ്പിൽ സന്തോഷ് പൊലീസിനു പരാതി നൽകിയിരുന്നു. സന്തോഷിനോടും വിൻസനോടും ഇന്നലെ രാവിലെ 10നു സ്റ്റേഷനിൽ എത്താൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. സന്തോഷ് 10 മണിയോടെ എത്തിയെങ്കിലും വിൻസൻ എത്തിയില്ല. 12 മണിയോടെ കാറിലെത്തിയ വിൻസൻ സ്റ്റേഷൻ വളപ്പിൽ വാഹനം നിർത്തിയശേഷം പിൻസീറ്റ് തുറന്നു വളർത്തുനായയെ അഴിച്ചുവിടാൻ ശ്രമിച്ചു.

നായ കുരച്ചു ബഹളമുണ്ടാക്കിയതോടെ പൊലീസ് ഉദ്യോഗസ്ഥരടക്കം ഭീതിയിലായി. സ്റ്റേഷനിലെത്തിയ പലരും പുറത്തേക്കോടി. മറ്റുള്ളവരുടെ നേർക്കു നായയെ അഴിച്ചുവിടാൻ വിൻസൻ ശ്രമിച്ചെങ്കിലും നായ കാറിൽ നിന്നിറങ്ങാതിരുന്നതു വലിയ അപകടം ഒഴിവാക്കി. ഇതിനിടെ പൊലീസുകാർക്കു നേരെയും പരാതിക്കാരനു നേരെയും വിൻസൻ അസഭ്യവർഷം തുടങ്ങി. സ്റ്റേഷനുള്ളിൽ കാർക്കിച്ചുതുപ്പി.

കാറുമായി കടന്നുകളയാൻ പ്രതി ശ്രമിച്ചപ്പോൾ പൊലീസ് ഗേറ്റ് അടച്ചിട്ടു. കാറിൽ നിന്നിറങ്ങിയ വിൻസൻ സ്റ്റേഷൻ വളപ്പിലുണ്ടായിരുന്ന മൺവെട്ടിയുമായെത്തി ഗേറ്റ് തകർത്തു. മതിലിൽ ഇടിച്ച കാറിന്റെ പിൻഗ്ലാസ് തകർന്നു. ഗ്രേഡ് എസ്ഐ ഗോപിനാഥന്റെ തലയ്ക്കു നേരെ മൺവെട്ടി വീശിയെങ്കിലും ഒഴിഞ്ഞുമാറിയതിനാൽ രക്ഷപ്പെട്ടു.

പിന്നീട് എസ്ഐയെ ചവിട്ടി വീഴ്ത്തി. മറ്റു പൊലീസുകാർ പിടിച്ചുമാറ്റാൻ നോക്കിയെങ്കിലും അക്രമം തുടർന്നു. എസ്ഐമാരായ വിൻസന്റ്, സജീവൻ എന്നിവർക്കും നേരിയ പരുക്കേറ്റു. വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ, പൊലീസുകാരെ ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു. പരാക്രമം നടക്കുന്നതിനിടെ വളർത്തുനായ ഒരുവട്ടം കാറിനു പുറത്തിറങ്ങിയെങ്കിലും ആരെയും ഉപദ്രവിച്ചില്ല.

പൊലീസുകാർ തന്നെ നായയെ സുരക്ഷിതമായി ബന്ധിച്ചു വിൻസന്റെ വീട്ടുകാർക്കു കൈമാറി. എസ്ഐ ഗോപിനാഥൻ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. പ്രതി റിമാൻഡിലാണ്.