അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ടിരുന്നെന്ന് വെളിപ്പെടുത്തി വിജയ് മല്യ

September 13, 2018 0 By Editor

ന്യൂഡല്‍ഹി :  ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ ഇന്ത്യ വിടുംമുമ്പ് കണ്ടിരുന്നെന്ന് വിജയ് മല്യയുടെ വെളിപ്പെടുത്തല്‍. വായ്പ കുടിശ്ശിക തീര്‍ക്കാനുള്ള നിര്‍ദേശങ്ങള്‍ ജെയ്റ്റ്‌ലിയോട് ചര്‍ച്ച ചെയ്തിരുന്നെന്നും ലണ്ടനിലെ കോടതി പരിസരത്തുവച്ച് മല്യ മാധ്യമങ്ങളോട് പറഞ്ഞു.

മല്യയെ വിചാരണയ്ക്കായി ഇന്ത്യക്ക് വിട്ടുകിട്ടണമെന്നുള്ള ആവശ്യത്തിന്മേല്‍ ലണ്ടന്‍ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വാദംകേള്‍ക്കുന്നത്. വിദേശത്തേക്ക് കടക്കാന്‍ മല്യയെ കേന്ദ്ര സര്‍ക്കാര്‍ സഹായിച്ചെന്ന ആരോപണം സ്ഥിരീകരിക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍.

ഐഡിബിഐ ബാങ്കില്‍നിന്ന് വന്‍തുക വായ്പയെടുത്ത് വിദേശ രാജ്യങ്ങളില്‍ നിക്ഷേപിച്ച കേസില്‍ സിബിഐ 2015 ഒക്ടോബര്‍ 16നാണ് മല്യക്കെതിരെ തെരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചത്. മല്യ രാജ്യം വിടുമെന്ന് ആഭ്യന്തര, ധനമന്ത്രാലയങ്ങളിലെ പ്രമുഖര്‍ക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നെന്ന ആക്ഷേപം ഇപ്പോള്‍ സ്ഥിരീകരിക്കപ്പെട്ടു.
മതിയായ ഈടില്ലാതെയാണ് മല്യക്ക് പൊതുമേഖലാ ബാങ്കുകളില്‍ നിന്നുള്‍പ്പെടെ 9,000 കോടിയോളം വായ്പ അനുവദിച്ചത്. മല്യയുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാനും തയ്യാറായില്ല.