പിഴ തുക കുറച്ച് ബീവറേജസ് കോർപറേഷൻ; 1000 ഇരട്ടി 300 ഇരട്ടിയാക്കി

പിഴ തുക കുറച്ച് ബീവറേജസ് കോർപറേഷൻ; 1000 ഇരട്ടി 300 ഇരട്ടിയാക്കി

August 12, 2022 0 By Editor

തിരുവനന്തപുരം: ജീവനക്കാരുടെ വീഴ്ചകൾക്ക് ബവ്റിജസ് കോർപറേഷൻ ഈടാക്കുന്ന പിഴത്തുക കുറച്ചു. 1000 ഇരട്ടി പിഴ എന്നത് 300 ഇരട്ടിയായാണ് കുറച്ചത്. ബവ്കോയുടെ സർക്കുലർ അനുസരിച്ച് എംആർപിയിൽ കൂടുതൽ തുക ഈടാക്കിയാൽ കൂടുതലായി ഈടാക്കുന്ന തുകയുടെ 1000 മടങ്ങ് പിഴ ജീവനക്കാരിൽനിന്ന് ഈടാക്കുമായിരുന്നു. ഒരു ബ്രാൻഡ് ഒഴിവാക്കി മറ്റൊരു ബ്രാൻഡിനെ പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചാലും വില വ്യത്യാസത്തിന്റെ 1000 മടങ്ങാണ് പിഴ.

എംആർപിയിൽ കൂടുതൽ പണം വാങ്ങിയ ജീവനക്കാരിൽനിന്ന് കൂടുതൽ ഈടാക്കിയ തുകയുടെ 1000 മടങ്ങ് പിഴ വാങ്ങിക്കാനുള്ള ഉത്തരവ് ഹൈക്കോടതി 3 മാസത്തേക്ക് സ്റ്റേ ചെയ്ത ഘട്ടത്തിലാണ് പുതിയ ഉത്തരവ്. എംആർപിയെക്കാൾ 140 രൂപ കൂടുതലായി ഈടാക്കിയതിന് കട്ടപ്പന ഷോപ്പിലെ ജീവനക്കാരനിൽനിന്ന് 1,40,000 രൂപ ഈടാക്കിയതിനെതിരെ ആണ് യൂണിയനുകൾ കോടതിയിൽ ഹർജി സമർപ്പിച്ചത്. പിഴ പൂർണമായി ഒഴിവാക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.

പിഴ ഇങ്ങനെ: കൗണ്ടറിലെ പണത്തിൽ കൂടുതലോ കുറവോ കണ്ടാൽ വ്യത്യാസമുള്ള തുകയുടെ 100 ശതമാനം പിഴ

∙ എംആർപിയെക്കാൾ കൂടുതൽ തുക ഈടാക്കിയാൽ ഈടാക്കുന്ന തുകയുടെ 300 ഇരട്ടി പിഴ

∙ ഒരു ബ്രാൻഡിനെ മനഃപൂർവം ഒഴിവാക്കി മറ്റൊരു ബ്രാൻഡിനെ പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചാൽ 300 ഇരട്ടി പിഴ

∙ മദ്യ ബ്രാൻഡുകൾ ഡിസ്പ്ലേ ചെയ്യാതിരുന്നാൽ ഷോപ്പ് മാനേജർക്ക് 4000 രൂപ പിഴ

∙ കാർഡോ യുപിഐ വഴിയോ പണം സ്വീകരിക്കാതിരുന്നാൽ ജീവനക്കാർക്ക് 4000 രൂപ പിഴ

∙ ജോലി സമയത്ത് മദ്യം ഉപയോഗിച്ചാൽ 30,000 രൂപ പിഴ

∙ മോഷണം, ഫണ്ട് ദുരുപയോഗം– കോർപറേഷന് നഷ്ടമായ തുകയുടെ 300 ഇരട്ടി പിഴ