മഹിളാമോർച്ച നേതാവിന്റെ ആത്മഹത്യ: ബിജെപി നേതാവ് അറസ്റ്റിൽ

മഹിളാമോർച്ച നേതാവിന്റെ ആത്മഹത്യ: ബിജെപി നേതാവ് അറസ്റ്റിൽ

July 15, 2022 0 By Editor

പാലക്കാട്:  മഹിളാമോർച്ച പാലക്കാട് മണ്ഡലം ട്രഷറർ ശരണ്യ രമേഷ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ബിജെപി മുൻ ബൂത്ത് പ്രസിഡന്റ് കാളിപ്പാറ സ്വദേശി പ്രജീവിനെ പാലക്കാട് നോർത്ത് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. ശരണ്യയുടെ ആത്മഹത്യാ കുറിപ്പിൽ പ്രജീവാണ് മരണത്തിന് ഉത്തരവാദിയെന്നു വ്യക്തമാക്കിയിരുന്നു.

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പ്രജീവിന്റെ ഫോണിലെ കോൾ ലിസ്റ്റ് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. തനിക്ക് ശരണ്യയുമായി നല്ല സൗഹൃദമായിരുന്നുവെന്ന് പ്രജീവ് പറഞ്ഞു. ശരണ്യയുടെ ആത്മഹത്യയിൽ ബിജെപി നേതാക്കൾക്ക് ബന്ധമുണ്ടെന്നും ബിജെപി നേതാക്കൾ ശരണ്യയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും പ്രജീവ് പറഞ്ഞു.

ജൂലൈ 10ന് വൈകിട്ട് 4നാണ് സിഎൻ പുരം നടുവക്കാട്ടുപാളയത്ത് രമേഷിന്റെ ഭാര്യ ശരണ്യയെ മാട്ടുമന്തയിലെ വാടക വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ശരണ്യയുടെ ആത്മഹത്യാക്കുറിപ്പിൽ രണ്ടുപേരുടെ പങ്ക് വ്യക്തമാക്കിയിട്ടുണ്ടെന്നും ഇക്കാര്യം വ്യക്തമായി അന്വേഷിക്കണമെന്നും ശരണ്യയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.