തലശേരി നഗരസഭയുമായുള്ള പ്രശ്‌നം;  കണ്ണൂരിൽനിന്നും കാണാതായ വ്യവസായ ദമ്പതികളെ കണ്ടെത്തി; സഹായിച്ചത് ടവര്‍ ലൊക്കേഷന്‍

തലശേരി നഗരസഭയുമായുള്ള പ്രശ്‌നം; കണ്ണൂരിൽനിന്നും കാണാതായ വ്യവസായ ദമ്പതികളെ കണ്ടെത്തി; സഹായിച്ചത് ടവര്‍ ലൊക്കേഷന്‍

August 26, 2022 0 By Editor

പാനൂരിൽനിന്നു കാണാതായ വ്യവസായ ദമ്പതികളെ കണ്ടെത്തി. താഴെ ചമ്പാട് തായാട്ട് വീട്ടിൽ രാജ് കബീർ, ഭാര്യ ശ്രീവിദ്യ എന്നിവരെ കോയമ്പത്തൂരിൽനിന്നാണു കണ്ടെത്തിയത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇവരെ കണ്ടെത്താൻ സഹായിച്ചത്.

ഇന്നലെ രാത്രിയോടെ തന്നെ ഇവർ കോയമ്പത്തൂർ ടവർ ലൊക്കേഷനിൽ ഉണ്ടെന്ന് മനസ്സിലാക്കാൻ പൊലീസിനു കഴിഞ്ഞിരുന്നു. എന്നാൽ കണ്ടെത്താൻ പൊലീസിനായില്ല. ഇന്നു പുലർച്ചെ ആറോടെയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. രാവിലെ പത്തോടെ കോയമ്പത്തൂരിൽനിന്ന് തലശേരിയിൽ എത്തിക്കും.

തലശേരിയിൽ ഇവർ നടത്തിയിരുന്ന ഫർണീച്ചർ കടയ്ക്കു സമീപം സ്ഥലം കയ്യേറിയെന്ന് കാണിച്ച് സ്ഥാപനം അടച്ചുപൂട്ടാൻ നഗരസഭ നോട്ടിസ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇവരെ കാണാതായതെന്നാണ് പൊലീസിനു ലഭിച്ച പരാതി. നഗരസഭയെ സമ്മർദ്ദത്തിലാക്കാനാണ് ഇരുവരും നാടുവിട്ടതെന്ന് പൊലീസ് അറിയിച്ചു.

സ്ഥലം കയ്യേറിയതിന് നാല് ലക്ഷത്തിലധികം തുക പിഴയടയ്ക്കണമെന്നു കാണിച്ചാണ് തലശേരി നഗരസഭ ആദ്യം നോട്ടിസ് നൽകിയത്. പിഴയടയ്ക്കാത്തതിനെ തുടർന്നു സ്ഥാപനം അടച്ചുപൂട്ടാൻ നോട്ടിസ് നൽകി. ഇതിനെതിരെ ദമ്പതികൾ ഹൈക്കോടതിയെ സമീപിക്കുകയും നഗരസഭയുടെ നടപടിക്കു സ്റ്റേ വാങ്ങിക്കുകയും ചെയ്തിരുന്നു. തവണകളായി പിഴ അടയ്ക്കാനും കോടതി നിർദേശം നൽകി.

എന്നാൽ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും നഗരസഭയുടെ ഭാഗത്തുനിന്നു നിഷേധാത്മക നിലപാടാണ് ഉണ്ടായതെന്നും ഞങ്ങൾ പോകുന്നെന്നും ഞങ്ങളെ ഇനി അന്വേഷിക്കണ്ടയെന്നും രാജ് കബീർ കടയിലെ മാനേജർക്കു വാട്സാപ് സന്ദേശം നൽകിയതിനു പിന്നാലെയാണ് നാടുവിട്ടത്. സൂപ്പർമാർക്കറ്റിൽ പോകുകയാണെന്നു പറഞ്ഞാണ് ഇരുവരും വീട്ടിൽനിന്ന് ഇറങ്ങിയത്. എന്നാൽ തിരിച്ചെത്താത്തതിനെ തുടർന്നു പാനൂർ പൊലീസ് കേസെടുക്കുകയായിരുന്നു.