‘നമ്മുടെ പ്രിയപ്പെട്ടവരെ കൊറോണ വൈറസ് തട്ടിയെടുത്തു’: ജനങ്ങൾക്ക് മുന്നിൽ വികാരാധീനനായി മോദി

‘നമ്മുടെ പ്രിയപ്പെട്ടവരെ കൊറോണ വൈറസ് തട്ടിയെടുത്തു’: ജനങ്ങൾക്ക് മുന്നിൽ വികാരാധീനനായി മോദി

May 21, 2021 0 By Editor

ന്യൂഡൽഹി∙ കോവിഡ്മൂലം പ്രിയപ്പെട്ടവരെ നഷ്ടമായവരോട് സംസാരിക്കവെ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘നമ്മുടെ പ്രിയപ്പെട്ടവരെ ഈ വൈറസ് തട്ടിയെടുത്തു. മരണപ്പെട്ടവർക്ക് ആദരമർപ്പിക്കുന്നതിനൊപ്പം കുടുംബാഗങ്ങളെ അനുശോചനവും അറിയിക്കുന്നു – മോദി പറഞ്ഞു. സംസാരത്തിനിടയിൽ വാക്കുകൾ ഇടറിപ്പോയ മോദി, വികാരാധീനനായി. വാരാണസിയിലെ ആരോഗ്യ പ്രവര്‍ത്തകരെ ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ അഭിസംബോധന ചെയ്യുമ്പോഴാണ് അദ്ദേഹം വിതുമ്പിയത്.

ബ്ലാക് ഫംഗസ് എന്ന ഭീഷണിക്കെതിരേ കരുതിയിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കോവിഡ് രോഗികളെ കൂടുതലായി ബാധിക്കുന്ന ഫംഗസ് ബാധയ്‌ക്കെതിരെ രാജ്യം തയ്യാറെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡിനെതിരായി വാക്‌സിനേഷനെ ഒരു ജനകീയ പോരാട്ടമാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് പ്രതിസന്ധിയെ ചെറുക്കുന്നതിനുള്ള ശക്തിനേടുന്നതിന് യോഗയും ആയുഷും വലിയ സഹായം ചെയ്‌തെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ ഇത് അലംഭാവത്തിനുള്ള സമയമല്ല. നമുക്കുമുന്നിലുള്ളത് വലിയ പോരാട്ടമാണ്. ‘എവിടെ രോഗമുണ്ടോ അവിടെ ചികിത്സയുണ്ട്’ എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യമെന്നും മോദി ആഹ്വാനംചെയ്തു. കോവിഡിന് എതിരായ പോരാട്ടത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.