സം​സ്ഥാ​ന​ത്ത് ഗുരുതര സാഹചര്യം; കേ​ന്ദ്ര സ​ഹാ​യം തേ​ടി പ്രധാനമന്ത്രിയ്ക്ക് മു​ഖ്യ​മ​ന്ത്രിയുടെ കത്ത്

സം​സ്ഥാ​ന​ത്ത് ഗുരുതര സാഹചര്യം; കേ​ന്ദ്ര സ​ഹാ​യം തേ​ടി പ്രധാനമന്ത്രിയ്ക്ക് മു​ഖ്യ​മ​ന്ത്രിയുടെ കത്ത്

May 5, 2021 0 By Editor

തിരുവനന്തപുരം : സംസ്ഥാനത്തെ കൊറോണ സാഹചര്യം ഗുരുതരമായതിനെ തുടർന്ന് കേന്ദ്രത്തോട് സഹായമഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിണറായി കത്ത് നൽകി. രോഗികളുടെ എണ്ണം കൂടിയതിനെ തുടർന്ന് ആശുപത്രികൾ നിറഞ്ഞ സാഹചര്യത്തിലാണ് പിണറായി കേന്ദ്ര സഹായം തേടിയിരിക്കുന്നത്. നിലവിൽ സംസ്ഥാനത്ത് സർക്കാർ മേഖലയിൽ കൊറോണ ചികിത്സയ്ക്കായി മാറ്റിയ ഐസിയുകളും, വെന്റിലേറ്ററും നിറഞ്ഞു. സ്വകാര്യമേഖലയിൽ 15 ശതമാനം കിടക്കകൾ മാത്രമാണ് ഒഴിവുള്ളത്. ഈ സാഹചര്യത്തിലാണ് അടിയന്തിരമായി കേന്ദ്രസഹായം തേടാൻ കേരളം തീരുമാനിച്ചത്. വെന്റിലേറ്ററുകൾ ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകണമെന്നാണ് കത്തിലെ ആവശ്യം. ലിക്വിഡ് മെഡിക്കൽ ഓക്‌സിജന്റെ 1000 ടൺ, 500 മെട്രിക് ടൺ എൽഎംഒ എന്നിവയും പിഎസ്എ പ്ലാന്റുകൾ, ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ, എന്നിവയും മുൻഗണനാടിസ്ഥാനത്തിൽ കേരളത്തിന് അനുവദിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. 50 ലക്ഷം ഡോസ് കോവിഷീൽഡും 25 ലക്ഷം ഡോസ് കോവാക്സിനും കേരളത്തിന് അനുവദിക്കണമെന്നും കത്തിൽ ആവശ്യമുണ്ട്.