പണം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ശേഖരിച്ചതെന്ന് കെ.എം.ഷാജി

April 16, 2021 0 By Editor

കോഴിക്കോട്: തന്റെ വീട്ടില്‍നിന്ന് പിടിച്ചെടുത്തത് നിയമപരമായ പണമാണെന്ന് കെ.എം. ഷാജി എംഎല്‍എ. പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിജിലന്‍സിന്റെ ചോദ്യംചെയ്യലിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പിനായി പിരിച്ചെടുത്ത പണമാണ് വീട്ടില്‍നിന്ന് പിടിച്ചത്. ഇതിന് കൗണ്ടര്‍ ഫോയില്‍ ഉണ്ട്. ഇതുള്‍പ്പെടെയുള്ള രേഖകള്‍ വരുംദിവസങ്ങളില്‍ ഹാജരാക്കും.കൂടുതല്‍ രേഖകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഹാജരാക്കണം എന്നാണ് വിജിലന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കും. എംഎല്‍എ ആയതിനു ശേഷം രണ്ടു സ്ഥലം ഇടപാടുകളാണ് നടത്തിയിട്ടുള്ളത്. കണ്ണൂരില്‍ വീടിരിക്കുന്ന 10 സെന്റ് ഭൂമിയും രണ്ടേക്കര്‍ വയലും മാത്രമാണ് എംഎല്‍എ ആയതിനു ശേഷം വാങ്ങിയിട്ടുള്ളത്, അദ്ദേഹം പറഞ്ഞു. ഈ രീതിയില്‍ എന്നെ പൂട്ടാന്‍ കഴിയില്ല. അക്കാര്യത്തില്‍ നല്ല ആത്മവിശ്വാസം ഉണ്ട്. വീട്ടില്‍ കട്ടിലിന്റെ അടിയില്‍ നിന്നാണ് പണം എടുത്തത്. നിയമപരമായ പണമാണിത്. അതുകൊണ്ടുതന്നെ പണം ഒളിപ്പിച്ചു വെക്കേണ്ട കാര്യമില്ല. വഴിവിട്ട് ഉണ്ടാക്കിയ പണം അല്ലാത്തതുകൊണ്ട് രഹസ്യമാക്കി വെച്ചില്ല. ക്ലോസറ്റിനടിയില്‍ പണം ഒളിപ്പിച്ചു എന്നൊക്കെ ആരോപിക്കുന്നത് അവരുടെ ശീലംകൊണ്ടാണെന്നും ഷാജി പറഞ്ഞു. രാഷ്ട്രീയമായ നീക്കമാണ് തനിക്കെതിരെ നടക്കുന്നത്. ഇത്തരം നീക്കങ്ങള്‍ പ്രതീക്ഷിക്കണമായിരുന്നു. പണം നേരത്തെ തന്നെ ബാങ്കില്‍ കൊണ്ടുപോയി ഇടണമായിരുന്നു. ഒരു എംഎല്‍എയുടെ വീട്ടില്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വന്ന് റെയ്ഡ് നടത്തുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. രാഷ്ട്രീയമായ നീക്കമാണ്. കുറച്ചുകൂടി കരുതല്‍ എടുക്കാമായിരുന്നു എന്നൊരു തോന്നല്‍ ഇപ്പോഴുണ്ട്, കെ.എം. ഷാജി പറഞ്ഞു.