സംസ്ഥാനത്തെ സെക്രട്ടേറിയറ്റ്‌ നിയമ വകുപ്പുകളിലെ ജീവനക്കാരില്‍ കൊവിഡ് വ്യാപനം രൂക്ഷം

സംസ്ഥാനത്തെ സെക്രട്ടേറിയറ്റ്‌ നിയമ വകുപ്പുകളിലെ ജീവനക്കാരില്‍ കൊവിഡ് വ്യാപനം രൂക്ഷം

February 5, 2021 0 By Editor

തിരുവനന്തപുരം: സെക്രട്ടേറിയേറ്റ്‌ പൊതുഭരണ നിയമവകുപ്പുകളിലെ ജീവനക്കാരില്‍ കൊവിഡ്‌ വ്യാപനം രൂക്ഷം. അന്‍പതിലധികം സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ്‌ നിലവില്‍ കൊവിഡ്‌ സ്ഥിരീകരിച്ചത്‌. ജീവനക്കാരുടെ എണ്ണം പകുതിയായി കുറയ്‌ക്കണമെന്ന്‌ ആക്ഷന്‍ കൗണ്‍സില്‍ നിര്‍ദേശിച്ചു. നേരത്തെ ധനകാര്യവകുപ്പിലെ ജീവനക്കാര്‍ക്ക്‌ കൊവിഡ്‌ സ്ഥിരീകരിച്ചിരുന്നു. ഇരുപത്തിയഞ്ചോളം ഉദ്യോഗസ്ഥര്‍ക്കാണ്‌ രോഗബാധ സ്ഥിരീകരിച്ചത്‌. രോഗബാധിതരായവരില്‍ സംഘടനാ നേതാക്കളും ഉൾപ്പെട്ടിരുന്നു. ഇതിന്‌ പിന്നാലെ ധനവകുപ്പിലെ പല സെക്ഷനുകളും അടച്ചിരുന്നു.

 അതേ സമയം രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ കൊവിഡ്‌ ബാധിതരുള്ള രണ്ടാമത്തെ സംസ്ഥാനമായി കേരളം മാറി. നേരത്തെ രണ്ടാം സ്ഥാനത്തുള്ള കര്‍ണാടകയെ മറികടന്നാണ്‌ കൊവിഡ്‌ രോഗികളുടെ എണ്ണത്തില്‍ കേരളം രണ്ടാം സ്ഥാനത്തായത്‌. രാജ്യത്ത്‌ ദിവസേന ഏറ്റവും കൂടുതല്‍ കൊവിഡ്‌ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നതും കേരളത്തിലാണ്‌. കേരളത്തില്‍ സ്ഥിരീകരിച്ച കൊവിഡ്‌ കേസുകളുടെ എണ്ണം ഒന്‍പതരലക്ഷത്തോടു അടുക്കുകയാണ്‌. ഇതുവരെ മൂവായിരത്തി എഴുന്നൂറിലധികം ആളുകള്‍ കൊവിഡ്‌ ബാധിച്ച്‌ മരിച്ചു.ദിവസേനയുള്ള കൊവിഡ്‌ കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണം കൊണ്ടുവരാന്‍ ജനങ്ങള്‍ സ്വയം തയാറാവണമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞിരുന്നു. കൊവിഡ്‌ കേസുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത്‌ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്‌. പരാമവധി യാത്രകളും കൂട്ടം ചേരലുകളും ഒഴിവാക്കാനും മറ്റ്‌ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാനും ആരോഗ്യവകുപ്പ്‌ ജനങ്ങള്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. അതേ സമയം സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകരില്‍ കൊവിഡ്‌ വാക്‌സിനേഷന്‍ പുരോഗമിക്കുകയാണ്‌.